പേരാമ്പ്ര: കൂത്താളിയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മയായ യുവതി ജീവനൊടുക്കിയ നിലയില്‍. കൂത്താളി കുഞ്ഞോത്ത് കുയ്യോടൻ കണ്ടി കവിത (42) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ ബാങ്ക് അധികൃതർ, അഡ്വക്കറ്റ് കമ്മിഷൻ, പോലീസ് എന്നിവരെത്തി ജപ്തി നടപടികള്‍ നടത്തുന്നതിനിടയില്‍ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിക്കുന്ന വീടിന് പുറകിലായി പഴയ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവർ സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയില്‍ നിന്നും വീട് നിർമാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോണ്‍, പലിശയടക്കം 50 ലക്ഷത്തോളം രൂപയായി ഉയർന്നിരുന്നു. ജപ്തി നടപടികള്‍ക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചിരുന്നു. വടകര കൈനാട്ടിയില്‍ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മക്കളുണ്ട്.






