തിരുവനന്തപുരം:എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ സ്പീക്കർ എഎൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളെയാണ് പിണറായി രൂക്ഷമായി വിമർശിച്ചത്.
വെള്ളാപ്പള്ളിയുടെ പ്രസ്താവന തീർത്തും അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പിണറായി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇതാദ്യമായാണ് പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെതിരെ പരസ്യമായി വിമർശനവുമായി രംഗത്തെത്തുന്നത്.
സിപിഎമ്മില്‍ ആരും കുറുക്കുവഴികളിലൂടെ നേതാക്കളായി മാറിയവരല്ലെന്നും ദീർഘകാലത്തെ പ്രവർത്തനത്തിലൂടെയും പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയുമാണ് നേതൃസ്ഥാനത്ത് എത്തുന്നതെന്നും പിണറായി പറഞ്ഞു. ഇത്തരം വിലയിരുത്തലുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ നടത്തുന്നത് പാർട്ടി അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വെള്ളാപ്പള്ളി നടത്തിയ വിവാദ, വർഗീയച്ചുവയുള്ള പരാമർശങ്ങളില്‍ പിണറായി മൗനം പാലിച്ചിരുന്നുവെന്ന വിമർശനങ്ങള്‍ക്കിടെയാണ് ഇപ്പോഴത്തെ പ്രതികരണം.
വെള്ളാപ്പള്ളിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹത്തെ പുകഴ്ത്തിയ പിണറായി ഇപ്പോള്‍ നിലപാട് മാറ്റിയതും ശ്രദ്ധേയമാണ്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ യഥാസമയം തള്ളിപ്പറയാതിരുന്നത് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന പാർട്ടിക്കുള്ളിലെ വിമർശനങ്ങള്‍ക്കിടെയാണ് പിണറായിയുടെ പുതിയ പ്രതികരണം. ചേർത്തലയില്‍ നടന്ന എസ്എൻഡിപി പരിപാടിക്കിടെയാണ് വെള്ളാപ്പള്ളി ഷംസീറിനെതിരെ വിമർശനം ഉന്നയിച്ചത്. ഇതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നേരത്തെ തള്ളിക്കളഞ്ഞിരുന്നു.






