ഡൽഹി:റെയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കളെ യാത്രയാക്കാൻ എത്തുമ്പോള്‍ ലഗേജുകള്‍ എടുത്തുവെക്കാൻ ട്രെയിനിനുള്ളില്‍ കയറുന്നവർക്ക് വലിയൊരു മുന്നറിയിപ്പായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശിലുണ്ടായ സംഭവം.
കാണ്‍പുർ റെയില്‍വേ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാൻ എത്തിയ 12 പേരാണ് വന്ദേഭാരത് എക്സ്പ്രസിനുള്ളില്‍ കുടുങ്ങിപ്പോയത്. രാവിലെ 9.26-ന് കാണ്‍പുരില്‍ എത്തിയ ട്രെയിൻ 9.30-ന് യാത്ര തുടങ്ങുന്നതിനിടെ, സാധനങ്ങള്‍ വെക്കാൻ കയറിയ ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കാതെ വരികയായിരുന്നു.
താനെ അടയുന്ന യന്ത്രവാതിലുകള്‍ ഉള്ളതിനാല്‍ ട്രെയിൻ നീങ്ങിത്തുടങ്ങിയാല്‍ പിന്നീട് വന്ദേഭാരതില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. വാതിലുകള്‍ അടഞ്ഞതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ട്രെയിനിനുള്ളില്‍ ബഹളം വെക്കുകയും വാതിലുകള്‍ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ട്രെയിൻ വേഗത കൈവരിച്ചിരുന്നു. ഒടുവില്‍ യാത്രക്കാരുടെ ബഹളത്തെത്തുടർന്ന് വന്ദേഭാരതിന് സ്റ്റോപ്പില്ലാത്ത ഇറ്റാവ സ്റ്റേഷനില്‍ രാവിലെ 10.49-ഓടെ ട്രെയിൻ നിർത്തിയാണ് 12 പേരെയും പുറത്തിറക്കിയത്.
തുടർന്ന് റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയില്‍, ഇവർ പ്ലാറ്റ്ഫോം ടിക്കറ്റ് പോലും എടുക്കാതെയാണ് സ്റ്റേഷനില്‍ പ്രവേശിച്ചതെന്ന് വ്യക്തമായി. യാത്രാടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ സ്റ്റേഷനില്‍ കയറിയതിനും വന്ദേഭാരതില്‍ യാത്ര ചെയ്തതിനും 12 പേർക്കും 3,000 രൂപ വീതം ആകെ 36,000 രൂപയാണ് റെയില്‍വേ പിഴ ചുമത്തിയത്. പിഴത്തുക അടച്ചതിന് ശേഷം ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ആവർത്തിക്കരുതെന്ന കർശന മുന്നറിയിപ്പ് നല്‍കിയാണ് പൊലീസ് ഇവരെ വിട്ടയച്ചത്.






