കോട്ടയം: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കി വേതന കുടിശ്ശിക കുന്നുകൂടുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലുള്ള കൂലി മുടങ്ങിയതോടെ സംസ്ഥാനത്ത് ആകെ 184 കോടി രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്.
മാസങ്ങളോളം വേതനം വൈകുന്നതിനൊപ്പം പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ കുറയുന്നതും സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്.
തൊഴിലുറപ്പ് നിയമപ്രകാരം, ജോലി പൂർത്തിയാക്കി 7 മുതല്‍ 14 ദിവസത്തിനകം തൊഴിലാളികള്‍ക്ക് നിർബന്ധമായും വേതനം നല്‍കിയിരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ വേതനം വൈകിയതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍, കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെ തൊഴിലാളികളുടെ ഈ അവകാശത്തിന് തിരിച്ചടിയായി. കേന്ദ്ര പൂളില്‍ ഫണ്ടില്ലാത്ത സാഹചര്യമാണെങ്കില്‍ വേതനം വൈകിയാലും നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന വ്യവസ്ഥയാണ് തൊഴിലാളികള്‍ക്ക് വിനയാകുന്നത്. ഇതോടെ മാസങ്ങളോളം കാത്തിരുന്നാലും അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കാത്ത അവസ്ഥയാണ്.
കൂലി കുടിശ്ശികയ്ക്ക് പുറമെ തൊഴില്‍ ദിനങ്ങള്‍ ഗണ്യമായി കുറയുന്നതും ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നു. നിലവില്‍ 'വി.ബി.ജി. റാംജി' പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം നേരത്തെ തയ്യാറാക്കിയ ലേബർ ബജറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തികവർഷത്തെ പ്രവൃത്തികള്‍ നടക്കുന്നത്.
എന്നാല്‍, പുതിയ പദ്ധതിയായ വി.ബി.ജി. റാംജിയില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് കൂടുതല്‍ കഠിനമായ ജോലികള്‍ ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കും. ജോലിയുടെ കാഠിന്യം വർധിക്കുന്നതും കുറഞ്ഞ വേതന നിരക്കും കാരണം വരുന്ന സാമ്പത്തികവർഷത്തില്‍ തൊഴിലുറപ്പ് മേഖലയിലേക്ക് എത്തുന്ന തൊഴിലാളികളുടെ എണ്ണം കുറയുമെന്ന ആശങ്ക ശക്തമാണ്.






