കൊച്ചി: കേരളത്തിലെ വഴിയോര ഭക്ഷണശാലകളിൽ യാതൊരു മറയുമില്ലാതെ ബീഫ് വിഭവങ്ങൾ വിൽക്കുന്നുവെന്നും, ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട രാജസ്ഥാൻ സ്വദേശിക്ക് മലയാളികളുടെ വക വൻ പൊങ്കാല.
സഞ്ജയ് ശർമ്മ എന്ന യുവാവാണ് കേരളത്തിലെ ഭക്ഷണസംസ്കാരത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള കുറിപ്പും ചിത്രവും പങ്കുവെച്ച് വെട്ടിലായത്.
കൊച്ചിയിലെ ഒരു വഴിയോര ഭക്ഷണശാലയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സഞ്ജയ് ശർമ്മയുടെ പ്രതികരണം. “കേരളത്തിലെ കൊച്ചിയിൽ കണ്ട കാഴ്ച എന്റെ ഹൃദയം തകർത്തു. ബീഫ് ഒരു മറയുമില്ലാതെ റോഡ് സൈഡിലെ ഭക്ഷണശാലയിൽ വിൽക്കുകയാണ്. ഹൈന്ദവ പാരമ്പര്യത്തിൽ അഭിമാനിക്കുകയും പശുവിനെ പരിശുദ്ധമായി കാണുകയും ചെയ്യുന്ന ഒരു രാജ്യത്തെ തെരുവുകളിൽ ഇങ്ങനെ നടക്കുന്നുവെന്നത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇക്കാര്യം ഗൗരവമായി എടുക്കുകയും നമ്മുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യവ്യാപകമായി നടപടി സ്വീകരിക്കുകയും വേണം,” എന്നായിരുന്നു യുവാവിന്റെ കുറിപ്പ്.
പോസ്റ്റ് വൈറലായതോടെ രൂക്ഷമായ വിമർശനങ്ങളും രസകരമായ ട്രോളുകളുമായി മലയാളികൾ കമന്റ് ബോക്സ് നിറച്ചു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് പലരും മറുപടി നൽകിയത്. സ്വന്തം സംസ്ഥാനം ആദ്യം വൃത്തിയാക്കിയിട്ട് പോരേ കേരളത്തിൽ വന്ന് ബീഫ് നിരോധിക്കാൻ നടക്കുന്നതെന്ന് കൊച്ചിയിൽ താമസിക്കുന്ന ഒരു സസ്യാഹാരി തന്നെ കമന്റിലൂടെ ചോദിച്ചു. ഇവിടെ ആരും ആരുടെയും മേൽ ഭക്ഷണരീതികൾ അടിച്ചേൽപ്പിക്കുന്നില്ലെന്നും, ഞങ്ങൾ എന്ത് കഴിക്കണമെന്ന് ഞങ്ങൾ തന്നെയാണ് തീരുമാനിക്കുന്നതെന്നും മലയാളികൾ വ്യക്തമാക്കി.
ബീഫ് എന്നാൽ പശുവിറച്ചി മാത്രമല്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം വേണമെന്ന് ഓർമ്മിപ്പിച്ച ചിലർ, കേരളത്തിൽ ഇനിയും ബീഫ് ഫ്രൈയും റോസ്റ്റും സ്റ്റ്യൂവും കുറുമയും പെപ്പർ ഫ്രൈയും കപ്പ ബിരിയാണിയുമെല്ലാം ഉണ്ടാക്കി കഴിക്കുമെന്നും തങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ഇങ്ങോട്ട് വരേണ്ടതില്ലെന്നും തുറന്നടിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും പോയി ഇതുപോലെ വീഡിയോ ചെയ്യാൻ ധൈര്യമുണ്ടോ എന്നും പലരും വെല്ലുവിളിച്ചു. ഇതിനെല്ലാം പുറമെ, നല്ല സ്വാദിഷ്ടമായ കേരളാ സ്റ്റൈൽ ബീഫ് കറിയുടെ റെസിപ്പികളും ‘കുറച്ച് ബീഫും പൊറോട്ടയും എടുക്കട്ടെ’ എന്ന കമന്റുകളുമാണ് സഞ്ജയ് ശർമ്മയുടെ പോസ്റ്റിന് താഴെ നിറയുന്നത്






