ഡല്‍ഹി: വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന കാരണത്താല്‍ ബാങ്കുകള്‍ക്കും നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്പനികള്‍ക്കും (എൻബിഎഫ്സി) വാഹനങ്ങള്‍ ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കാനാകില്ലെന്ന് സുപ്രീം കോടതി.
വാഹന റീപൊസഷൻ ഉള്‍പ്പെടെയുള്ള വായ്പാ തിരിച്ചുപിടിത്ത നടപടികള്‍ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ നടത്താവൂ എന്ന് വ്യക്തമാക്കിയ കോടതി, നിലവിലുള്ള ആർബിഐ മാർഗനിർദേശങ്ങളും മാസ്റ്റർ സർക്കുലറുകളും ബാങ്കുകളും എൻബിഎഫ്സികളും യഥാർഥത്തില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും റിസർവ് ബാങ്കിനോട് നിർദേശിച്ചു.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് ആരാധെയും അടങ്ങിയ ബെഞ്ചാണ് സെപ്റ്റംബർ 16ന് നിർണായക വിധി പുറപ്പെടുവിച്ചത്. Hari Dutta Sharma v. State of U.P. എന്ന കേസിലായിരുന്നു കോടതി ഇടപെടല്‍.
വായ്പ തിരിച്ചുപിടിക്കാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ അവകാശം അംഗീകരിക്കുമ്പോഴും അത് നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ബലപ്രയോഗം, വഞ്ചന, നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനം എന്നിവയിലൂടെ വാഹനത്തിന്റെ കൈവശപ്പെടുത്തല്‍ അനുവദനീയമല്ലെന്നാണ് വിധിയുടെ പ്രധാന നിലപാട്.
പുലർച്ചെ ഒരു മണിക്ക് ട്രക്ക് പിടിച്ചെടുത്തു
കേസിലെ ഹർജിക്കാരൻ 2019ല്‍ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡില്‍ നിന്ന് വാണിജ്യ വാഹനമായ ട്രക്കിനായി വായ്പയെടുത്തിരുന്നു. വാഹനമായിരുന്നു വായ്പയുടെ ഈട്. 2021ല്‍ അനുബന്ധ വായ്പയും അനുവദിച്ചു.
വായ്പ തിരിച്ചടവില്‍ വീഴ്ച വന്നതിനെ തുടർന്ന് കമ്പനി 2022ല്‍ ഒരിക്കല്‍ വാഹനം തിരിച്ചുപിടിച്ചിരുന്നു. തുടർന്ന് ഭാഗികമായി പണം അടച്ചതോടെ വാഹനം വിട്ടുനല്‍കി. പിന്നീട് വീണ്ടും തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് 2023ല്‍ വിവാദമായ സംഭവം നടന്നത്.
ഹർജിക്കാരന്റെ മൊഴിപ്രകാരം, 2023 ഏപ്രില്‍ 9ന് പുലർച്ചെ ഒരു മണിയോടെ നാലുപേർ വാഹനത്തിന്റെ സ്റ്റിയറിംഗ് ലോക്ക് തകർത്ത് ട്രക്ക് ഓടിച്ചുകൊണ്ടുപോയി. വാഹനം മോഷണം പോയതാണെന്ന് കരുതി അദ്ദേഹം അതേദിവസം ഇ-എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് പൊലീസ് സൂപ്രണ്ടിനും പരാതി നല്കി. എന്നാല്‍ കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ഹർജിക്കാരന്റെ പരാതി. പിന്നീട് കമ്പനിയുടെ നിയമനോട്ടീസിലൂടെയാണ് വാഹനം കമ്പനി തിരിച്ചുപിടിച്ച് വില്‍പ്പന നടത്തിയ വിവരം അദ്ദേഹം അറിഞ്ഞത്.
2023 ഓഗസ്റ്റ് 31ന് വാഹനം 4.50 ലക്ഷം രൂപയ്ക്ക് വിറ്റതായും, വില്‍പ്പനയ്ക്ക് ശേഷവും തുക കുടിശികയുണ്ടെന്നും കമ്പനി അറിയിച്ചതായി സുപ്രീം കോടതി രേഖപ്പെടുത്തി.
ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നല്‍കിയില്ല
വാഹനം തിരിച്ചുപിടിക്കുന്നതിന് മുമ്പ് ഹർജിക്കാരന് ആവശ്യമായ ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നല്‍കിയിരുന്നില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. പുലർച്ചെ വാഹനത്തിന്റെ സ്റ്റിയറിംഗ് ലോക്ക് തകർത്ത് പിടിച്ചെടുത്ത നടപടി സമാധാനപരമായ റീപൊസഷൻ അല്ലെന്നും കോടതി വ്യക്തമാക്കി.
വായ്പാ കരാറില്‍ റീപൊസഷൻ വ്യവസ്ഥയുണ്ടെന്നത് മാത്രം ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന് പുറത്തുള്ള രീതിയില്‍ വാഹനം പിടിച്ചെടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കരാറിലെ റീപൊസഷൻ ക്ലോസിനും ഇന്ത്യൻ കോണ്‍ട്രാക്ട് ആക്ട്, 1872 ഉള്‍പ്പെടെയുള്ള നിയമവ്യവസ്ഥകള്‍ക്കും ആർബിഐയുടെ മാർഗനിർദേശങ്ങള്‍ക്കും അനുസൃതമായിരിക്കണം നടപടികളെന്നും കോടതി നിരീക്ഷിച്ചു.
ആർബിഐ മാർഗനിർദേശങ്ങള്‍ കടലാസില്‍ മാത്രം പോര
ബാങ്കുകളുടെയും എൻബിഎഫ്സികളുടെയും വായ്പാ തിരിച്ചുപിടിത്ത നടപടികളെക്കുറിച്ച് ആർബിഐ വർഷങ്ങളായി മാർഗനിർദേശങ്ങളും മാസ്റ്റർ സർക്കുലറുകളും വ്യക്തതകളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വായ്പ തിരിച്ചുപിടിക്കുന്നതിനിടെ കടം വാങ്ങുന്നവരെ അനാവശ്യമായി ഉപദ്രവിക്കരുത്, അസമയങ്ങളില്‍ നിരന്തരം ബന്ധപ്പെടുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യരുത്, റിക്കവറി ഏജന്റുമാരുടെ പ്രവർത്തനം നിയന്ത്രിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ ഇതിലുണ്ട്. വാഹന റീപൊസഷൻ, ഉപഭോക്തൃ സ്വകാര്യത, പരാതി പരിഹാരം, റിക്കവറി ഏജന്റുമാരുടെ പരിശീലനം എന്നിവയും ആർബിഐയുടെ വിവിധ നിർദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ രണ്ടു പതിറ്റാണ്ടിലേറെയായി ഇത്തരം മാർഗനിർദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവ 'കടലാസില്‍ മാത്രം നിലനില്‍ക്കുന്ന' സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ബാങ്കുകളും എൻബിഎഫ്സികളും അവ യഥാർഥത്തില്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആർബിഐയോട് നിർദേശിച്ചു. വിധിയുടെ പകർപ്പ് ആർബിഐക്ക് അയയ്ക്കാനും കോടതി രജിസ്ട്രിക്ക് നിർദേശം നല്കി.
വാഹന റീപൊസഷനില് പാലിക്കേണ്ട 10 തത്വങ്ങള്‍
വാഹനങ്ങളും വായ്പകളും സംബന്ധിച്ച സമാന കേസുകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും മാർഗനിർദേശമാകുന്ന 10 തത്വങ്ങളും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഒന്ന്: വായ്പ തിരിച്ചുപിടിക്കാനായി കടം വാങ്ങുന്നവരെ അനാവശ്യമായി ഉപദ്രവിക്കരുത്. അസമയങ്ങളില്‍ നിരന്തരം ശല്യപ്പെടുത്തുന്നതും ബലപ്രയോഗം നടത്തുന്നതും പാടില്ല.
രണ്ട്: വാഹനം പിടിച്ചെടുക്കുന്നത് നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ സാധിക്കൂ. ബലപ്രയോഗത്തിനായി 'ഗുണ്ടകളെ' ഉപയോഗിക്കാനാകില്ല.
മൂന്ന്: റിക്കവറി ഏജന്റുമാരെ നിയോഗിക്കുമ്പോള്‍ ആർബിഐയുടെ ഔട്ട്സോഴ്സിങ് മാർഗനിർദേശങ്ങള്‍ പാലിക്കുന്ന ജാഗ്രതാ സംവിധാനം ബാങ്കുകള്‍ക്ക് ഉണ്ടായിരിക്കണം.
നാല്: വായ്പാ കരാറിലെ റീപൊസഷൻ വ്യവസ്ഥ നിയമപരമായി സാധുതയുള്ളതും ഇന്ത്യൻ കോണ്‍ട്രാക്ട് ആക്ടിന് അനുസൃതവുമായിരിക്കണം.
അഞ്ച്: ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിയോഗിക്കുന്ന റിക്കവറി ഏജന്റുമാർ ബാധകമായ ബാങ്കിങ് കോഡുകളും മറ്റ് മാർഗനിർദേശങ്ങളും കർശനമായി പാലിക്കണം.
ആറ്: റിക്കവറി മാർഗനിർദേശങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള പരാതികളും ദുരുപയോഗപരമായ നടപടികളെക്കുറിച്ചുള്ള പരാതികളും ആർബിഐ ഗൗരവത്തോടെ പരിഗണിക്കണം.
ഏഴ്: തുടർച്ചയായി നിയമലംഘനം നടത്തുന്ന റിക്കവറി ഏജന്റുമാരെ പ്രത്യേക മേഖലകളിലോ പ്രവർത്തനങ്ങളിലോ നിയോഗിക്കുന്നതില്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താം.
എട്ട്: റീപൊസഷൻ വ്യവസ്ഥയില്‍ മുൻകൂർ നോട്ടീസ് കാലയളവ്, നോട്ടീസ് ഒഴിവാക്കാവുന്ന സാഹചര്യങ്ങള്‍, വാഹനം പിടിച്ചെടുക്കുന്നതിനുള്ള നടപടിക്രമം, വില്‍പ്പനയ്ക്ക് മുമ്പ് കുടിശിക അടയ്ക്കാനുള്ള അവസാന അവസരം, വാഹനം തിരികെ നല്‍കുന്നതിനുള്ള നടപടിക്രമം തുടങ്ങിയവ വ്യക്തമാക്കിയിരിക്കണം.
ഒമ്പത്: അർഹരായ വായ്പക്കാർക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നതിനായി ക്രെഡിറ്റ് കൗണ്‍സിലർമാരുടെ സംവിധാനം പ്രോത്സാഹിപ്പിക്കണം. മൈക്രോഫിനാൻസ് സ്ഥാപനങ്ങള്‍ പ്രാദേശിക ഭാഷയില്‍ ഫെയർ പ്രാക്ടീസസ് കോഡ് പ്രദർശിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പത്ത്: സാധാരണയായി തിരിച്ചടവ് നടത്തേണ്ടത് കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കണം. നിയുക്ത സ്ഥലത്ത് രണ്ടോ അതിലധികമോ തവണ വായ്പക്കാരൻ എത്താതിരുന്നാല്‍ മാത്രമേ താമസസ്ഥലത്തേക്കോ ജോലിസ്ഥലത്തേക്കോ ബന്ധപ്പെടാവൂ. ഫീല്‍ഡ് സ്റ്റാഫിന് ആവശ്യമായ പരിശീലനവും യോഗ്യതയും ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
10 ലക്ഷം രൂപ നഷ്ടപരിഹാരം
ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. എന്നാല്‍ നേരത്തെ വിറ്റ വാഹനം തിരികെ നല്കാൻ കോടതി ഉത്തരവിട്ടില്ല. പകരം, ഹർജിക്കാരന്റെ രണ്ട് വായ്പാ അക്കൗണ്ടുകളും അവസാനിപ്പിക്കാനും, വാഹനം വിറ്റ് ലഭിച്ച 4.50 ലക്ഷം രൂപ 6 ശതമാനം വാർഷിക പലിശ സഹിതം തിരികെ നല്‍കാനും കമ്പനിക്ക് നിർദേശം നല്കി. വില്‍പ്പന തീയതി മുതല്‍ തുക നല്‍കുന്നതുവരെയാണ് പലിശ കണക്കാക്കേണ്ടത്.
കൂടാതെ, മാനസിക പീഡനത്തിനും ഗണ്യമായ കാലയളവില്‍ ഉപജീവനമാർഗം നഷ്ടപ്പെട്ടതിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. കേസിന്റെ ചെലവായി 50,000 രൂപയും അനുവദിച്ചു.
വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയാലും ധനകാര്യ സ്ഥാപനങ്ങളുടെ നടപടി നിയമപരമായ നടപടിക്രമങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നതാണ് വിധിയിലൂടെ സുപ്രീം കോടതി വീണ്ടും വ്യക്തമാക്കിയത്. അതോടൊപ്പം, നിലവിലുള്ള ആർബിഐ മാർഗനിർദേശങ്ങള്‍ യഥാർഥത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും റിസർവ് ബാങ്കിന് കോടതി ഓർമ്മിപ്പിച്ചു.






