ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ കർശനമായി നിയന്ത്രിച്ച് സർക്കാർ ഉത്തരവ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനത്തിന് മാത്രമുള്ളതാണെന്നും രാഷ്ട്രീയ വേദികളല്ലെന്നും ചൂണ്ടിക്കാട്ടി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹനാണ് സർക്കുലർ പുറത്തിറക്കിയത്.
ഇനിമുതല്‍ സർക്കാർ പരിപാടികളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ്മുറികളിലും പ്രവേശനം അനുവദിക്കൂ. രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ പ്രവേശനം കർശനമായി തടഞ്ഞു.
വിദ്യാലയങ്ങളെ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്നും മുക്തമാക്കുക, സ്കൂള്‍ പരിസരങ്ങളില്‍ നേതാക്കളുടെ ജന്മദിനാഘോഷങ്ങള് ഒഴിവാക്കുക എന്നിവയാണ് ഉത്തരവിന്റെ പ്രധാന ലക്ഷ്യം. സർക്കാർ സ്കൂളുകളില്‍ നടക്കുന്ന ഏത് പരിപാടിയും നിഷ്പക്ഷവും വിദ്യാഭ്യാസപരമായ അർത്ഥമുള്ളതുമായിരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.അടുത്തിടെ സ്കൂളുകളില്‍ നടന്ന ചില സംഭവങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.






