ഡൽഹി: .സിനിമാലോകത്തെ ഞെട്ടിച്ച് നിതേഷ് തിവാരിയുടെ വെളിപ്പെടുത്തല്‍! ഒരു യുദ്ധരംഗം പൂർത്തിയാക്കാൻ ആറര വർഷവും രാവണന്റെ പുഷ്പക വിമാനം രൂപകല്‍പ്പന ചെയ്യാൻ മാത്രം രണ്ട് വർഷവും!
ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ബിഗ് സ്ക്രീനില്‍ അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയമാക്കാനുള്ള പിന്നണിപ്രവർത്തനങ്ങളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ സിനിമയിലെ രാവണനും ജടായുവും തമ്മിലുള്ള യുദ്ധരംഗം പൂർത്തിയാക്കാൻ ആറര വർഷമെടുത്തെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. ആദ്യമായി കലാകാരന് രംഗത്തിന്റെ ആശയം കൈമാറിയ സമയം മുതല്‍ അന്തിമരൂപം പൂർത്തിയാകുന്നതുവരെയുള്ള കാലയളവാണിത്. ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ ഒരൊറ്റ ആക്ഷൻ രംഗത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
പുഷ്പക വിമാനത്തിന്റെ രൂപകല്പ്പനയായിരുന്നു ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. അന്തിമരൂപത്തിലെത്താൻ ഏകദേശം രണ്ട് വർഷത്തോളം വേണ്ടിവന്നു. ഇതിനായി 40 മുതല്‍ 50 വരെ വ്യത്യസ്ത രൂപകല്‍പ്പനകള്‍ സംഘം പരീക്ഷിച്ചു. ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ വിമാനത്തിന്റെ രൂപം പിന്നീട് മാറ്റിയതോടെ അതിനെ അടിസ്ഥാനമാക്കി ഒരുക്കിയിരുന്ന രാവണൻ-ജടായു യുദ്ധരംഗത്തിലും വലിയ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. വെറുമൊരു സാങ്കല്‍പ്പിക വാഹനം എന്നതിലുപരി പറക്കാൻ കഴിയുന്ന തരത്തിലുള്ള ശാസ്ത്രീയമായ രൂപകല്‍പ്പനയാണ് ലക്ഷ്യമിട്ടതെന്നും നിതേഷ് തിവാരി പറഞ്ഞു.
സിനിമയിലെ ഓരോ ഫ്രെയിമിനും പിന്നില്‍ ആയിരക്കണക്കിന് കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും കഠിനാധ്വാനമുണ്ടെന്ന് നടൻ രണ്‍ബീർ കപൂറും ചൂണ്ടിക്കാട്ടി. വലിയ സിനിമകളിലെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവയെല്ലാം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വിശേഷിപ്പിക്കുന്നത് വിഷമമുണ്ടാക്കുന്നുവെന്നും ഓരോ ഫ്രെയിമും പൂർണമാക്കാൻ നിരവധി പേർ മണിക്കൂറുകളോളം അധ്വാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്‍ബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്.






