മലപ്പുറം: എല്‍.ഡി.എഫിലെ പ്രതിപക്ഷ ഉപനേതൃപദവി തർക്കവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ വിശദീകരണവുമായി കെ.പി.എ.
മജീദ്. ലേഖനം സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ മുന്നണിയിലേക്ക് വരണമെന്ന് പറയാൻ താൻ ആളല്ലെന്നും യു.ഡി.എഫില്‍ നിലവില്‍ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു. എല്‍.ഡി.എഫിലെ ഉപനേതാവ് പദവി തർക്കം അവരുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ യു.ഡി.എഫ് ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ നിസ്സാരമായ ഒരു പദവി ചോദിക്കുമ്പോഴും മുന്നണിയില്‍ സി.പി.ഐ നേരിടുന്ന അവഗണനയും നിരന്തരമായ ആക്ഷേപങ്ങളും കണ്ടപ്പോള്‍ തോന്നിയ സഹതാപമാണ് ലേഖനത്തില്‍ കുറിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ, കോണ്‍ഗ്രസ്, ലീഗ് ബന്ധത്തിന് ദീർഘകാലത്തെ പാരമ്പര്യമുണ്ടെന്നും, സംഖ്യാബലത്തിലല്ല മറിച്ച് നിലപാടുകളിലാണ് കാര്യമെന്നും മജീദ് അഭിപ്രായപ്പെട്ടു.






