ന്യൂഡൽഹി :കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. പ്രാഥമിക വിദ്യാഭ്യാസ ഘട്ടം മുതൽ കുട്ടികളെ സ്വന്തം ശരീരത്തെക്കുറിച്ച് ബോധവത്കരിക്കണമെന്നും നല്ല സ്പർശവും മോശം സ്പർശവും തിരിച്ചറിയാൻ പഠിപ്പിക്കണമെന്നും പരമോന്നത കോടതി വ്യക്തമാക്കി.ക്ലാസ്മുറികൾ, ഹോസ്റ്റലുകൾ, ലൈബ്രറികൾ, കമ്പ്യൂട്ടർ ലാബുകൾ എന്നിവടങ്ങളിലെല്ലാം ബാലസുരക്ഷാ ഹെൽപ്പ് ലൈൻ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. കുട്ടികൾ ചൂഷണത്തെക്കുറിച്ചോ ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചോ പരാതിപ്പെട്ടാൽ കൃത്യമായി പ്രതികരിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണം. സൗജന്യ കൗൺസലിംഗും ആവശ്യമായ മാനസിക പിന്തുണയും ചികിത്സയും ഉറപ്പാക്കാനും കോടതി ആവശ്യപ്പെട്ടു.
കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണ സാമഗ്രികൾ തടയുന്നത് സംബന്ധിച്ച കേസിൽ, ജസ്റ്റിസ് ജെ. ബി. പർദീവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ സുപ്രധാന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.






