തളിപ്പറമ്പ് : തളിപ്പറമ്പിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന വിരുതൻ വീണ്ടും ക്ഷേത്രത്തില്‍ മോഷണം നടത്താൻ ശ്രമിക്കവെ പിടിയിലായി.
മലബാറിലെ പ്രശസ്തമായ തൃച്ചംബരം ക്ഷേത്രത്തില്‍ മോഷണശ്രമം നടത്തിയ വിരുതനെയാണ് ക്ഷേത്രം ജീവനക്കാർ കൈയോടെ പിടികൂടിയത്.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഭക്തരുടെ പണവും മൊബൈല്‍ ഫോണുകളും കാണിക്കപ്പണവും കവർന്ന അതേ മോഷ്ട്ടാവാണ് ഇന്ന് തൃച്ചംബരം ക്ഷേത്രത്തില്‍ മോഷണം നടത്താൻ ശ്രമിക്കവെ പിടിയിലായത്. മുൻ പോലീസ് ഉദ്യോഗസ്ഥനായ പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വെള്ളോറ മഠത്തില്‍ വി.എം.വിപിൻ കുമാർ(39) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച്ച മോഷണം നടത്തിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ടിടികെ ദേവസ്വം നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തവേയാണ് മോഷ്ട്ടാവ് യാതൊരു ഭയവുമില്ലാതെ വീണ്ടും മോഷണം ശ്രമം നടത്തിയത്. എന്നാല്‍ ജീവനക്കാരുടെ സംയോജിതമായ ഇടപെടലാണ് 'അസാമാന്യ ധൈര്യം' ഉള്ള മോഷ്ട്ടാവിനെ കുടുക്കിയത്. ജീവനക്കാർ പിടികൂടിയ മോഷ്ട്ടാവിനെ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ തൊഴാനെത്തിയ ജോത്സ്യന്റെ മൊബൈല്‍ ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ചിറ്റാരിക്കല്‍ സ്വദേശി തവളക്കുണ്ടിലെ ആലയില്‍ പടിഞ്ഞാറേവീട്ടില്‍ സജിൻ മോഹൻ(36)ന്റെ 27,000 രൂപ വിലവരുന്ന ഫോണാണ് മോഷണം പോയത്. ഇന്നലെ രാവിലെ പത്തരക്കും 11 നും ഇടയിലാണ് മോഷണം നടന്നത്. ഷർട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രങ്ങളില്‍ അകത്തുകയറാൻ വേണ്ടി ഷർട്ട് അഴിച്ചുവെക്കുന്നവരുടെ പോക്കറ്റിലുള്ള സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.
തൃച്ചംബരംക്ഷേത്രം, കാഞ്ഞിരങ്ങാട്, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ ഭക്തരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ മനോജ്, എ.എസ്.ഐ ഇബ്രാഹിം സീരകത്ത് എന്നിവരും എസ്.ഐ സാംസണോടൊപ്പം അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.






