കുമ്മനം : ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കുമ്മനം ശ്രീ വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (04.09.2026,വെള്ളിയാഴ്ച) വൈകുന്നേരം ഭക്തിനിർഭരമായ മഹാശോഭായാത്ര സംഘടിപ്പിക്കും.
കുമ്മനം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന മഹാശോഭായാത്ര പുതുക്കാട്ടിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെന്തട്ട സമൂഹം, സ്ത്രീധർമ്മശാസ്താ ക്ഷേത്രം, കുമ്മനം, ഇളങ്കാവ് ദേവീക്ഷേത്രം തുടങ്ങിയ പുണ്യസങ്കേതങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തൈക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.
ശ്രീകൃഷ്ണ ജയന്തിയുടെ സന്ദേശവും ഭക്തിയുടെ നിറവും നാടാകെ പകരുന്ന മഹാശോഭായാത്രയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി ഭക്തജനങ്ങൾ അണിനിരക്കും. നാടിനെ അമ്പാടിയാക്കി, ഭഗവാന്റെ ജന്മദിനം ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും മഹോത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മഹാശോഭായാത്ര സംഘടിപ്പിക്കുന്നത്.
മഹാശോഭായാത്രയിൽ എല്ലാ സഹപ്രവർത്തകരും നാട്ടുകാരും കുടുംബസമേതം പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ശ്രീ വിവേകാനന്ദ ബാലഗോകുലം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
`






