മുണ്ടക്കൈ പ്രകൃതി ദുരന്തം: രക്ഷിക്കാനാകുന്നവരെയെല്ലാം രക്ഷിച്ചു, ഇനി ആരും ബാക്കിയില്ലെന്ന് സൈന്യം
വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷിക്കാനാകുന്ന എല്ലാവരേയും സംരക്ഷിച്ചതായി സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവിടെ ഇനി ആരും ബാക്കിയില്ലെ. നിലമ്പൂർ ഭാഗത്തേക്ക് ഒഴുകിപ്പോയ ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ സാധിച്ചത് നല്ല ശ്രമത്തിന്റെ ഫലമായാണ്. ഈ ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്രയും ദിവസം ശ്രദ്ധിച്ചത് ദുരന്തത്തിനിരയായി അവിടെ കഴിയുന്ന ആളുകളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായിരുന്നു. മികവാർന്ന പ്രവർത്തനമായിരുന്നു സൈന്യത്തിന്റേത്. രക്ഷിക്കാൻ കഴിയുന്നവരെ രക്ഷിച്ചെടുത്തതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പട്ടാള മേധാവി അറിയിച്ചു. ഇനി അവിടെ ആരും ബാക്കിയില്ല. എന്നാൽ, കാണാതായ ഒട്ടേറെ ആളുകളുണ്ട്.
ഈ പ്രദേശത്തേക്ക് കടന്നുചെന്ന് അവിടെയുള്ള മണ്ണ് നീക്കം ചെയ്ത് അടിയിൽ കുടുങ്ങിയ ആളുകളെ കണ്ടെത്തുന്നതിൽ തടസ്സം നേരിട്ടിരുന്നു. ആവശ്യമായ യന്ത്രങ്ങൾ അവിടേക്ക് എത്തിക്കാൻ സാധിക്കാതെ പോയതായിരുന്നു പ്രശ്നം. എന്നാൽ, ഇപ്പോൾ ബെയ്ലി പാലം നിർമിച്ചതോടെ ഇക്കാര്യത്തിൽ വലിയ പുരോഗതിയുണ്ടായി. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിട്ടുണ്ടെങ്കിൽ കണ്ടെത്താനാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പുകൾ കുറച്ചുനാൾ കൂടെ തുടരേണ്ടതായി വരും. വ്യത്യസ്ത കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് ക്യാമ്പുകൾ. അവിടെയുള്ള ഓരോ കുടുംബത്തിനും തങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ പറ്റുന്ന വിധത്തിലാകണം അവയുടെ പ്രവർത്തനം. മാധ്യമപ്രവർത്തകരും സന്ദർശകരും ആളുകളുടെ സ്വകാര്യത മാനിച്ച് ക്യാമ്പിനകത്ത് പ്രവേശിക്കാൻ പാടില്ല.