ഡാക്കര്‍: ബജാജ് ഫിന്‍സെര്‍വിന്റെ പിന്തുണയോടെ മത്സരിക്കുന്ന ഇന്ത്യന്‍ താരം ധിനിധി ദേശിംഗു യൂത്ത് ഒളിമ്പിക്സ് നീന്തല്‍ മത്സരത്തില്‍ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ മെഡല്‍ സമ്മാനിച്ചു.
ഡാക്കര്‍ 2026 യൂത്ത് ഒളിമ്പിക്സില്‍ വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 56.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത 16കാരി ദേശീയ റെക്കോര്‍ഡോടെ വെങ്കലം നേടി. ക്രൊയേഷ്യയുടെ അന ബൊബനോവിച്ച് (55.89 സെക്കന്‍ഡ്), ന്യൂസിലന്‍ഡിന്റെ അലിസ ലോസണ് (56.13 സെക്കന്‍ഡ്) എന്നിവരാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയത്.
യൂത്ത് ഒളിമ്പിക്സ് നീന്തല്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ബെംഗളൂരുവില്‍ നിന്നുള്ള ധിനിധി സ്വന്തമാക്കി.
2024ലെ പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ധിനിധി. ഒരിക്കല്‍ നീന്തലിനോട് ഭയമുണ്ടായിരുന്ന താരം ഇന്ന് രാജ്യത്തെ മികച്ച നീന്തല്‍ താരങ്ങളിലൊരാളായി വളര്‍ന്നിരിക്കുകയാണ്.
ഈ വര്‍ഷം മുതലാണ് ബജാജ് ഫിന്‍സെര്‍വ് ധിനിധിക്ക് പിന്തുണ നല്കിത്തുടങ്ങിയത്. പരിശീലനം, മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍, കായിക ഉപകരണങ്ങള്‍, ശാരീരികക്ഷമത, പരിക്കുകള്‍ക്കും കഠിന പരിശീലനത്തിനും ശേഷമുള്ള വീണ്ടെടുക്കല്‍ തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ സഹായം.
നീന്തല്‍, ബാഡ്മിന്റണ്‍, ടെന്നീസ് എന്നീ കായിക ഇനങ്ങളിലെ യുവതാരങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ധിനിധിയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.






