ഹാവേരി: കോണ്‍ഗ്രസിന്റെ ഡൽഹി സമരത്തില്‍ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ നേതാക്കള്‍ക്കെതിരെ നടപടി.
യൂത്ത് കോണ്‍ഗ്രസ് ഹാവേരി ജില്ലാ പ്രസിഡൻ്റ് ദർശൻ കുമാർ ലമാണി അടക്കം ആറു നേതാക്കളെ സസ്പെൻഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.
പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവമായി കാണുന്നതായും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്തതായും സസ്പെൻഷൻ ഉത്തരവില്‍ പറഞ്ഞു.
സസ്പെൻഡ് ചെയ്യപ്പെട്ട ഹാവേരി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി മന്ത്രി പുത്രനാണ്. കർണാടക ഷുഗർ, ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി രുദ്രപ്പ ലമാണിയുടെ മകനാണ് ദർശൻ.
ഇയാള്‍ക്ക് പുറമേ, ഉത്തര കന്നഡ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് സസ്പെൻഷൻ നേരിട്ടത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടി.






