കൊച്ചി: വനിതാ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള താരങ്ങളുടെ ലേലം ഒക്ടോബർ 28-ന് കൊച്ചിയില്‍ നടക്കും. വൈകുന്നേരം അഞ്ചരക്കാണ് ലേലനടപടികള്‍ ആരംഭിക്കുക.
ആകെയുള്ള അഞ്ച് ഫ്രാഞ്ചൈസികളിലായി ഒഴിവുള്ള 27 സ്ഥാനങ്ങളിലേക്ക് 146 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 119 ഇന്ത്യൻ താരങ്ങളും 6 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ ഉള്‍പ്പെടെ 27 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു.
ടീമുകളില്‍ ഒഴിവുള്ള 27 സ്ഥാനങ്ങളില്‍ 20 എണ്ണം ഇന്ത്യൻ താരങ്ങള്‍ക്കും 7 എണ്ണം വിദേശ താരങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുള്ളതാണ്. ഇംഗ്ലണ്ട് താരം സോഫിയ ഡങ്ക്ലി, ഓസ്ട്രേലിയൻ ഓള്‍റൗണ്ടർ സോഫി മോളിനക്സ് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 50 ലക്ഷം രൂപ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖർ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ജി കമാലിനി, കിരണ്‍ നവ്ഗിരെ, ഹെതർ ഗ്രഹാം, ജെസ് ജോനാസൻ എന്നിവർ 40 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടപ്പോള്‍ 30 താരങ്ങള്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ലേലത്തിനെത്തുന്നത്.
കഴിഞ്ഞ തവണത്തേതുപോലെ യുപി വാരിയേഴ്സാണ് ഏറ്റവും കൂടുതല്‍ തുക കൈവശമുള്ള ഫ്രാഞ്ചൈസി (3.65 കോടി രൂപ). മുംബൈ ഇന്ത്യൻസും യുപി വാര്യേഴ്സുമാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ള ടീമുകള്‍. ഗുജറാത്ത് ജയന്റ്സിനാണ് ഏറ്റവും കുറവ് ഒഴിവുകളുള്ളത് (3 ഒഴിവുകള്‍). ആകെ 63 താരങ്ങളെ നിലവിലെ ടീമുകള്‍ നിലനിർത്തിയപ്പോള്‍ 2027 ജനുവരി 14 മുതല്‍ ഫെബ്രുവരി 7 വരെയാണ് വനിതാ ഐപിഎല്‍ അഞ്ചാം സീസണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.






