തിരുവനന്തപുരം: കേരളം പാസാക്കിയ 2025-ലെ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ.

മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ 1972-ലെ കേന്ദ്ര നിയമത്തില്‍ നിലവില്‍ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്രം.
വന്യജീവി ആക്രമണങ്ങള്‍ തടയുക എന്നത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് വനം സഹമന്ത്രി കീർത്തി വർദ്ധൻ സിങ്ങാണ് മറുപടി നല്‍കിയത്.
ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികള്‍ക്കു കാത്തുനില്‍ക്കാതെ വെടിവച്ച് കൊല്ലാൻ അടക്കമുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് നല്കുന്ന ഭേദഗതിയാണ് സംസ്ഥാന സർക്കാർ വരുത്തിയിരുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥയാണ് നിയമ ഭേദഗതിയിലുണ്ടായിരുന്നത്.
കോയമ്പത്തൂരില്‍ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ പുതിയ സെന്റർ ഓഫ് എക്സലൻസ് തുടങ്ങി. വന്യജീവി സംഘർഷ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി ദേശീയതലത്തില്‍ പുതിയ ഹ്യൂമൻ വൈഡ് ലൈഫ് കോണ്‍ ഫ്ലിറ്റ് പോർട്ടല്‍ ആരംഭിച്ചുവെന്ന് വനം സഹമന്ത്രി കീർത്തി വർദ്ധൻ സിങ് പറഞ്ഞു.






