ഡൽഹി: ഓണ്‍ലൈൻ തട്ടിപ്പുകളും അക്കൗണ്ട് ഹാക്കിംഗും വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വാട്സ്ആപ് പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചു.
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടതാണ് കോള്‍ സ്ക്രീനിങ് സംവിധാനം. ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് വാട്സ്ആപ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സേവ് ചെയ്യാത്ത അണ്‍നോണ്‍ നമ്പറുകളില്‍ നിന്ന് വാട്സ്ആപ് കോളുകള്‍ എത്തുമ്പോള്‍ വിളിക്കുന്നയാളെ കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ സ്ക്രീനില്‍ തന്നെ ലഭ്യമാകും.
കോള്‍ ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, വിളിക്കുന്ന വ്യക്തി ഉപയോക്താവ് അംഗമായിട്ടുള്ള ഏതെങ്കിലും വാട്സ്ആപ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് സ്ക്രീനില്‍ തെളിയുക.
വാട്സ്ആപ് വഴിയുള്ള സൈബർ കുറ്റകൃത്യങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ കോള്‍ സ്ക്രീനിങ് സംവിധാനം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അണ്‍നോണ്‍ നമ്പറില്‍ നിന്നുള്ള കോള്‍ എത്തുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അത് അറ്റൻഡ് ചെയ്യണമോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാനും സാധിക്കും.
ഇതുവഴി സംശയാസ്പദമായ കോളുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് കൂടുതല്‍ ജാഗ്രത പുലർത്താൻ കഴിയും. കോള്‍ സ്ക്രീനിങിന് പുറമേ അക്കൗണ്ട് സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പാസ്വേഡ് സംവിധാനത്തിലും വാട്സ്ആപ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇതുവരെ അക്കൗണ്ട് സുരക്ഷയ്ക്കായി ആറ് അക്കങ്ങളുള്ള പിൻ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ അക്ഷരങ്ങളും പ്രത്യേക ചിഹ്നങ്ങളും ഉള്‍പ്പെടുന്ന ശക്തമായ പാസ്വേഡുകള് തിരഞ്ഞെടുക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും.
അതേസമയം, ഒരേ വാട്സ്ആപ് അക്കൗണ്ടില്‍ ഒന്നിലധികം പാസ്കീകള്‍ ചേർക്കാനുള്ള സൗകര്യവും പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഫോണും ആൻഡ്രോയിഡ് ഡിവൈസുകളും മാറിമാറി ഉപയോഗിക്കുന്നവർക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഫേസ് ഐഡി അല്ലെങ്കില്‍ ഫിംഗർപ്രിന്റ് ഉപയോഗിച്ച് പാസ്വേഡ് നല്‍കാതെ തന്നെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനും പാസ്കീ സംവിധാനം സഹായിക്കും. ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും തട്ടിപ്പുകളില്‍ നിന്ന് പരിരക്ഷയും നല്‍കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ് പുതിയ സുരക്ഷാ അപ്ഡേറ്റുകള് അവതരിപ്പിച്ചിരിക്കുന്നത്.






