കോട്ടയം : ചങ്ങനാശ്ശേരി കുരിശുമ്മൂട് ജങ്ഷനിൽ ദിവസങ്ങളായി പൈപ്പ് പൊട്ടി ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാതെ അധികൃതർ. കുരിശുമ്മൂട്ടിൽ നിന്നും ചെത്തിപ്പുഴയിലേക്കുള്ള റോഡിലാണ് വെള്ളക്കെട്ട്. ഇതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു. പൊതുജനങ്ങൾക്ക് വഴിനടക്കാനും വയ്യാത്ത അവസ്ഥയാണ്.
നിരവധി തവണ ജലവിതരണവകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കുന്നതിന് തയ്യാറായിട്ടില്ല. ജനപ്രതിനിധികളും ജല അതോറിറ്റി ഉദ്യോഗസ്ഥരും കാണിക്കുന്ന അവഗണനയ്ക്കെതിരേ വ്യാപാരി വ്യവസായി സമിതി കുരിശുമ്മൂട് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളക്കെട്ടായതിനാൽ ഉപഭോക്താക്കൾ സ്ഥാപനങ്ങളിലേക്ക് കയറാൻ മടിക്കുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. ജലവിതരണവകുപ്പിന്റെ പൈപ്പ് പൊട്ടിയാണ് റോഡിൽ ഈ വെള്ളക്കെട്ട് ഉണ്ടാകുന്നത്.
ഇത് പരിഹരിക്കണമെങ്കിൽ ഇവിടെ പൈപ്പ് മാറ്റിയിടുക തന്നെ വേണം. പരാതിപ്പെടുമ്പോൾ അധികൃതർ എത്തി അറ്റകുറ്റപ്പണികൾ നടത്തി പോകും. അടുത്തദിവസം ഇത് വീണ്ടും പൊട്ടും. പ്രദേശത്ത് വീണ്ടും വെള്ളക്കെട്ടാകും. ഇതിന് മാറ്റമുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.






