ലക്നൗ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കൊലപാതകക്കേസ് പ്രതി ഒടുവില്‍ പോലീസ് പിടിയിലായി.
മൗ സ്വദേശിയായ രാജ്കുമാര് രാജ്ഭര്‍ (38) ആണ് ഞായറാഴ്ച പോലീസിന്റെ വലയിലായത്. കൊലപാതക വിചാരണയില്‍ നിന്നും തട്ടിയെടുത്ത പണം തിരികെ നല്കുന്നതില് നിന്നും രക്ഷപ്പെടാനാണ് ഇയാള്‍ അതിവിദഗ്ധമായി വ്യാജ മരണനാടകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
2016 ഡിസംബര്‍ 19-നാണ് മൗവിലെ മുന്ഷിപുര റെയില്‍വേ ലൈനിന് സമീപത്തുവെച്ച് യോഗേഷ് സിങ് എന്നയാള്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട യോഗേഷിന്റെ അനന്തരവന് അവിനാഷ് സിങ് നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്. കേസില്‍ രാജ്കുമാര് രാജ്ഭറും സുഹൃത്ത് സുദര്ശന് രാജ്ഭറും പ്രതികളാവുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ രാജ്കുമാര് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കവെയാണ് രക്ഷപ്പെടാന്‍ വഴിതിരഞ്ഞത്.
2025 മേയ് 30-ന് ഗാസിപ്പൂരില്‍ വെച്ചാണ് രാജ്കുമാര് ഈ വിചിത്രമായ പ്ലാന്‍ ആസൂത്രണം ചെയ്യുന്നത്. ശ്മശാനത്തിലെ ചിതയില്‍ സ്വന്തം ശരീരം കിടക്കുന്നതായുള്ള ചിത്രങ്ങളാണ് ഇയാള്‍ നിര്‍മ്മിച്ചെടുത്തത്. ഇതിനായി ഒരു ചത്ത ആടിന്റെ ഉടലില്‍ സ്വന്തം മുഖം കൃത്രിമമായി ചേര്‍ത്താണ് എ.ഐ സഹായത്തോടെ ഫോട്ടോകള്‍ നിര്‍മ്മിച്ചത്. ചിതയ്ക്ക് മുകളില്‍ ആടിന്റെ ഉടല് വെച്ച് തുണികൊണ്ട് മൂടിയ ശേഷം പ്രതിയുടെ മുഖം ചേര്‍ക്കുകയായിരുന്നു
മരണാനന്തര ചടങ്ങുകളുടെയും ശവസംസ്കാര ഘോഷയാത്രയുടെയും ചിത്രങ്ങളും ഇതോടൊപ്പം ഇയാള്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തു. ഈ ചിത്രങ്ങളും തെളിവുകളും ഹാജരാക്കി മൗ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ നിന്ന് ഇയാള്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. തുടര്‍ന്ന് താന്‍ മരിച്ചതായി കാണിക്കുന്ന വ്യാജ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ നടപടികളില്‍ നിന്ന് രാജ്കുമാര് ഒഴിവാകുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി മരിച്ചതായി രേഖകളില്‍ കാണിച്ച് ഇയാള്‍ ആരുമറിയാതെ സ്വതന്ത്രമായി ജീവിച്ചു വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സര്‍വൈലന്‍സ് ടീമും ചേര്‍ന്ന് കൊട്വാളി നഗര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കിയത്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പ്രതി താമസിക്കുന്ന ഖ്വാജാജഹാന്പൂര് പ്രദേശത്തിന് സമീപത്ത് വെച്ചാണ് പോലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ട രാജ്കുമാര് പിന്നീട് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡറായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് അഡീഷണല്‍ എസ്.പി അനൂപ് കുമാര്‍ പറഞ്ഞു. വിവിധ നഗരങ്ങളിലെ പ്രമുഖരില്‍ നിന്ന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ വന്‍ തുക സമാഹരിച്ചിരുന്നു.
കൊലപാതകക്കേസിലെ നിയമനടപടികളില്‍ നിന്ന് തടിതപ്പാനെന്ന് മാത്രമല്ല, ആളുകളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്കാതിരിക്കാനും കൂടിയാണ് ഇയാള്‍ വ്യാജ മരണനാടകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി. ചിതയില്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യശരീരത്തിന് പകരം ഒരു ആടിനെയാണ് ഇയാള്‍ ദഹിപ്പിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യാജ രേഖകള്‍ ചമച്ചതിനും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതോടെ ജീവനോടെ പിടിയിലായ രാജ്കുമാര് പഴയ കൊലപാതകക്കേസില്‍ ഇനി വീണ്ടും വിചാരണ നേരിടേണ്ടി വരും. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പോലീസിനെയും കോടതിയെയും വഞ്ചിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നല്കിയ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു






