തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന് സിപിഎം സംസ്ഥാനവ്യാപകമായി ആചരിക്കും. ആലപ്പുഴ പുന്നപ്രയിലെ ചടങ്ങിന്റെ ഭാഗമായി വി.എസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടില്‍ അദ്ദേഹത്തിന്റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്യും.
ആലപ്പുഴ പുന്നപ്രയില്‍ വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ വി.എസിന്റെ സ്മരണയ്ക്കായി നിർമിച്ച സ്തൂപത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുഷ്പാർച്ചന നടത്തും. തുടർന്ന് വിവിധ നേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ റാലിക്കും പൊതുസമ്മേളനത്തിനും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
1923 ഒക്ടോബർ 20നു ജനിച്ച വിഎസ്, 101ാം വയസ്സില്‍ 2025 ജൂലൈ 21നാണു വിടവാങ്ങിയത്. വി എസിനെ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചത് സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനമായിരുന്നു. തൊഴിലാളി വർഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര-വയലാർ സമരത്തിന്റെ മുന്നണിയില്‍ വിഎസ് അച്യുതാനന്ദൻ നിന്നു.
1964ല്‍ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് മുപ്പത്തിരണ്ടു പേർ ഇറങ്ങിപ്പോയപ്പോള്‍ അതിലൊരാളായി. 1980 മുതല്‍ 1992 വരെ 12 വർഷം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1985 മുതല്‍ 2009 വരെ 24 വർഷക്കാലം പൊളിറ്റ് ബ്യൂറോ അംഗം. പാർട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍ പാർട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി ആ രാഷ്ട്രീയ ജീവിതത്തില്‍.
പാമോലിൻ, ലാവ്ലിൻ, ഐസ്ക്രീം പാർലർ, ഇടമലയാർ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. എൻഡോസള്‍ഫാൻ, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു. മതികെട്ടാൻമല നടന്നുകയറി. എണ്‍പത്തിരണ്ടാം വയസില്‍ കേരളമുഖ്യമന്ത്രി.അധികാരത്തിലിരിക്കുമ്പോഴും സമരമായിരുന്നു ആ ജീവിതം. അങ്ങനെ, സമരമെന്നാല്‍, കേരളത്തിന് വിഎസായി.
തൊഴിലാളി വർഗമുന്നേറ്റങ്ങള്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്കിയ ഈടുറ്റ സംഭാവനയായിരുന്നു വി എസ്. ജനകീയ പോരാട്ടങ്ങളുടെ സമരനായകാനായിരുന്ന വി എസ് ജനപ്രതിനിധിയായും പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും അവസാനം അവസാനം ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചു. അവസാന ശ്വാസം വരെ കർമനിരതനായിരുന്നു ആ കമ്യൂണിസ്റ്റ്.
അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകർന്നാണ് ഒരു നൂറ്റാണ്ടോളം നീണ്ട ആ സമർപ്പിത ജീവിതത്തിന് അന്ത്യമായത്. വി.എസ്സിനോളം വലിയൊരു നേതാവ് ഇനി മലയാളിക്കില്ല, ഇനി ഉണ്ടാകാനുമിടയുമില്ല. പത്മവിഭൂഷണ്‍ പുരസ്കാരം മരണാനന്തരം ലഭിച്ചെങ്കിലും പാർട്ടിയോട് ആലോചിച്ചശേഷം കുടുംബം അതു നിരസിക്കുകയായിരുന്നു.






