കോട്ടയം: മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതികളും ശരീരത്തിലെ പോഷകങ്ങളുടെ അളവിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്.
സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും, കൃത്യസമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാത്തതും, മാനസിക സമ്മർദ്ദവുമെല്ലാം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കാം. തിരക്കിനിടയിൽ ശരീരം കാണിക്കുന്ന ചെറിയ അസ്വസ്ഥതകൾ അവഗണിക്കുന്നത് പിന്നീട് വലിയ ആരോഗ്യപ്രശ്നങ്ങളായി മാറാനിടയുണ്ട്. ശരീരത്തിൽ വിറ്റാമിൻ കുറവുണ്ടോ എന്ന് സൂചിപ്പിക്കുന്ന അഞ്ച് പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിക്കാം.
വിട്ടുമാറാത്ത ക്ഷീണം: നന്നായി ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടും ക്ഷീണം വിട്ടുമാറുന്നില്ലെങ്കിൽ അത് വിറ്റാമിൻ B12-ന്റെയോ വിറ്റാമിൻ ഡി-യുടെയോ കുറവാകാം. ഞരമ്പുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും ശരീരത്തിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും ഇവ അനിവാര്യമാണ്. ക്ഷീണം തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുന്നത് ഉചിതമാണ്.
അമിതമായ മുടികൊഴിച്ചിൽ: ശൈത്യകാലത്ത് മുടികൊഴിച്ചിൽ സാധാരണമാണെങ്കിലും അത് ദീർഘകാലം നീണ്ടുനിൽക്കുകയോ അമിതമാകുകയോ ചെയ്താൽ അയൺ, ബയോട്ടിൻ, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് കാരണമാകാം. രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ സ്വാഭാവിക വളർച്ചാ ഘട്ടത്തെ ബാധിക്കും.
വായ്ക്കുള്ളിലെ വൃണങ്ങൾ: വായുടെ കോണുകളിലും മറ്റും ആവർത്തിച്ചുണ്ടാകുന്ന വൃണങ്ങൾ പലരും നിസ്സാരമായി തള്ളിക്കളയാറുണ്ട്. B2, B6, B12 തുടങ്ങിയ ബി കോംപ്ലക്സ് വിറ്റാമിനുകളുടെ കുറവാകാം ഇതിന് പിന്നിൽ.
വിറയലും സൂചി കുത്തുന്ന വേദനയും: നിരന്തരമായ വിറയലുകളും സൂചി കുത്തുന്നതുപോലുള്ള വേദനകളും അവഗണിക്കരുത്. വിറ്റാമിൻ B12 കുറയുന്നതിലൂടെ ഞരമ്പുകൾക്ക് ബലഹീനത ഉണ്ടാകുന്നതിന്റെ ലക്ഷണമാണിത്; ചികിത്സ തേടാതിരുന്നാൽ ഗുരുതരമായ ന്യൂറോളജിക്കൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
വിളറിയ ചർമ്മവും പൊട്ടുന്ന നഖങ്ങളും: ചർമ്മം അസാധാരണമായി വിളറിയിരിക്കുകയോ നഖങ്ങൾ ദുർബലമായി പൊട്ടുകയോ ചെയ്യുന്നത് ഇരുമ്പ്, ഫോളേറ്റ്, അല്ലെങ്കിൽ വിറ്റാമിൻ സി എന്നിവയുടെ കുറവ് സൂചിപ്പിക്കാം. രക്തയോട്ടം സുഗമമാക്കാനും കോശങ്ങളുടെ പുനർനിർമ്മാണത്തിനും ഈ ഘടകങ്ങൾ സഹായിക്കുന്നു; ദീർഘകാലം ചികിത്സിക്കാതിരുന്നാൽ ആരോഗ്യനില വഷളാകും.






