കോട്ടയം : കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ചെക്ക് കേസുകളിൽ കഴിഞ്ഞ ദിവസമാണ് പാലാ എംഎൽഎ മാണി സി കാപ്പനെ കുറ്റക്കാരനായി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യമുന്നയിരിച്ചിരിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല.
മുംബൈ ബോറിവലി കോടതിയാണ് മാണി സി കാപ്പനെ കുറ്റക്കാരനായി കണ്ടെത്തിയത്. ഒരു വർഷം തടവും നഷ്ടപരിഹാരവും ശിക്ഷ വിധിക്കുകയും ചെയ്തു. നാല് കേസുകളിലായി 5.30 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.
ഈ സാഹചര്യത്തിൽ ജനപ്രതിനിധിയായി അധികാരത്തിൽ തുടരുന്നത് ജനാധിപത്യ മര്യാദകൾക്കും പാലാക്കാരുടെ ആത്മാഭിമാനത്തിനും നിരക്കാത്തതാണെന്നാണ് വിഷ്ണു വഞ്ചിമല ആരോപിക്കുന്നത്. സ്വന്തം സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങളിൽ കോടതി ശിക്ഷ വിധിച്ചിരിക്കെ, എംഎൽഎ സ്ഥാനത്ത് തുടരാൻ മാണി സി കാപ്പൻ യാതൊരു വിധത്തിലും അര്‍ഹനല്ല. സ്വന്തം സാമ്പത്തിക പ്രശ്നം തീര്‍ക്കാന്‍ എംഎല്‍എ സ്ഥാനം ദുരുപയോഗം ചെയ്യാതെ മാണി സി കാപ്പന് ഉടന്‍ രാജി വയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.






