മുംബൈ: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോലിയെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഹെഡ് കോച്ചുമായ രവി ശാസ്ത്രി.
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ കോലി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ശാസ്ത്രി താരത്തെ വാനോളം പുകഴ്ത്തിയത്. അസാധ്യ ഫിറ്റ്നസും നിലവാരമുള്ള ബാറ്റിങ് ശൈലിയുമുള്ള കോലിക്ക് ഇനിയും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ശേഷിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓക്ക്ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍ പേസര്‍മാരെ തുണച്ച പിച്ചില്‍ 51 പന്തില്‍ നിന്ന് 13 ഫോറുകളും ഒരു സിക്സറുമടക്കം 74 റണ്‍സാണ് കോലി അടിച്ചെടുത്തത്. ന്യൂസിലന്‍ഡിനെ 185 റണ്‍സിന് പുറത്താക്കിയ ശേഷം ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് രണ്ടാം വിക്കറ്റില്‍ 113 റണ്‍ കൂട്ടിച്ചേര്‍ത്ത കോലി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ തികഞ്ഞ ആധിപത്യത്തോടെയാണ് കോലി ബാറ്റ് ചെയ്തത്.






