തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ കേരള സന്ദർശന വേളയിൽ വിവിഐപി ഗതാഗത നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കേരള സായുധ വനിത പൊലീസ് ബറ്റാലിയൻ അംഗം ആര്യ എസിനെതിരെയാണ് നടപടി. അച്ചടക്കസേനയിലെ അംഗം ഗുരുതര പെരുമാറ്റചട്ട ലംഘനം നടത്തി എന്നാണ് റിപ്പോർട്ട്.
ഇവർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തത് എൻഡിപിഎസ് ക്രിമിനൽ കേസിൽ പ്രതിയായ രാകേഷ് എന്ന വ്യക്തിയോടൊപ്പം എന്നാണ് കണ്ടെത്തൽ.
ഓഗസ്റ്റ് 31 നായിരുന്നു കേരളം സന്ദർശനം. ഈ സമയത്ത് ലോക് ഭവൻ മുതൽ എയർപോർട്ട് വരെ ഗതാഗതം നിയന്ത്രിച്ചിരുന്ന വീഥിയിലൂടെ, രാവിലെ 07:56 മണിക്ക് ഇരുചക്ര വാഹനത്തിൽ പൊലീസിൻറെ വിലക്കുകളെ ലംഘിച്ചുകൊണ്ട് യാത്ര ചെയ്യുന്നതിന് മിനിറ്റുകൾ ശേഷിക്കേ വിവിഐപി യാത്ര ചെയ്യുന്നതിന് വിപരീത ദിശയിൽ നിന്നും, ട്രാഫിക് നിയമങ്ങളും,
മോട്ടോർ വാഹന നിയമങ്ങളും പാലിക്കാതെ, അപകടകരമായ വിധം യാത്ര ചെയ്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനം ഉണ്ടാക്കിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.






