കൊച്ചി: എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി.
എസ് പി എസ് ശശിധരനാണ് അന്വേഷണ ചുമതല. കുറ്റപത്രം നല്കാൻ വൈകുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെയും കേസ് അന്വേഷണം വൈകുന്നതില്‍ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനില്‍ നിന്ന് എസ് എൻ ഡി ജി കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന് ആരോപിച്ചത്.






