തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ.
മുഖ്യമന്ത്രി വേദിയില്‍ സംസാരിക്കുന്നതിനിടെ വൈദ്യുതി തടസ്സം നേരിടുകയായിരുന്നു.
കൃത്യം ഏഴ് മണിക്കാണ് വൈദ്യുതി തടസ്സമുണ്ടായത്.
കേരള സമുദ്ര മിഷന് നടത്തിയ മിഷന് സമുദ്ര മാരിടൈം കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു പവര്‍കട്ട് ഉണ്ടായത്.
വേദിയിലെ മൈക്കും വെളിച്ചവും ഓഫാകുകയായിരുന്നു. ഇതിനിടെ സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു.
ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ലെന്നും കരണ്ട് വന്നാലേ സംസാരിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് പിന്നീട് പരിപാടി തുടര്‍ന്നത്.
പവര്‍കട്ടില്‍ സര്‍ക്കാരിനെ പരിഹസിച്ച് എ എ റഹീം, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവര്‍ രംഗത്തെത്തി. 'വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം' എന്ന ക്യാപ്ഷനോടെ ഒരു മെഴുകുതിരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു റഹീമിന്റെ പരിഹാസം.
'ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ല. പവര്‍കട്ടിന്റെ പുതുയുഗ നിര്‍വ്വചനം! (സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തുമെന്ന് പറഞ്ഞ ജഗതി ഫെയിം ഡയലോഗിനോട് സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികം മാത്രം) എന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്.






