തിരുവനന്തപുരം: വർക്കലയിൽ 17 വയസ്സുകാരന് പൊലീസിന്റെ മർദ്ദനമേറ്റെന്ന പരാതി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.
അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.
അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമായിരിക്കും തുടർ നടപടി.
ആരോപണം അടിസ്ഥാനരഹിതമെന്നാണ് വർക്കല പൊലീസ് ആവർത്തിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.
കുട്ടിയെ ഹോട്ടലിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുക മാത്രമാണ് ചെയ്തതെന്നും
കുട്ടിയുടെ കാലിന് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും വർക്കല പൊലീസ് വിശദീകരിക്കുന്നു.
മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ കുടുംബത്തെ കള്ള കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് 17കാരൻ പറഞ്ഞു.
ജീപ്പിൽ വെച്ച് എസ്ഐ മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോൾ രക്തം ഛർദിച്ചെന്നും 17കാരൻ പറഞ്ഞു.
വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.






