പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിലെ വണ്ടിപ്പെരിയാർ സത്രത്തില്‍ ഇത്തവണ ഭക്തർക്ക് വിരിവെക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല.
പകരം വണ്ടിപ്പെരിയാർ വാളാർഡിയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാൻ കേരള - തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി.
ഇടുക്കിയിലെ സത്രം - പുല്ലുമേട് കാനന പാതവഴി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്കും തിരിച്ചും പോകുന്നത്. തിരക്ക് വർധിക്കുമ്പോള്‍ സത്രത്തില്‍ വാഹനങ്ങള്‍ പാർക്കു ചെയ്യുന്നതിനും വിരി വയ്ക്കുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടാറുണ്ട്.
ഇത് കണക്കിലെടുത്താണ് അന്തർ സംസ്ഥാന യോഗത്തിൻ്റെ പുതിയ തീരുമാനം. കഴിഞ്ഞ വർഷം മുതലാണ് വാളാഡി എസ്റ്റേറ്റില്‍ പാർക്കിംഗ് ഗ്രൗണ്ട് ക്രമീകരിച്ചത്.
ദേവസ്വം ബോർഡിന്റെ ഓണ്‍ലൈൻ ബുക്കിംഗ് സൗകര്യവും വാളാഡിയിലുണ്ടാകും. പളനി, ദിണ്ഡുക്കല് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും.
പ്രധാന പാതകളുടെ അറ്റകുറ്റപ്പണികള്‍ നവംബർ പത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ആവശ്യത്തിന് ശൗചാലയങ്ങളുണ്ടാകും. സത്രത്തിനും പുല്ലുമേടിനുമിടയില് വനം വകുപ്പ് മൂന്ന് ഇക്കോ ഷോപ്പ് തുറക്കും.
വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും അളുകളെ രക്ഷിക്കാൻ ആറു പേര് അടങ്ങുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീമിനു പുറമേ പുല്ലുമേടിനും സന്നിധാനത്തിനുമിടയില്‍ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാര്‍ഡുമാരും ഡ്രോണ്‍ നിരീക്ഷണവുമുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പിന്റെ ആറ് സംഘങ്ങള്‍ 24 മണിക്കൂറും പട്രോളിംഗ് നടത്തും.






