വൈക്കം: തലയാഴം പഞ്ചായത്താൽ
പട്ടികജാതി വികസന വകുപ്പ് പട്ടികജാതി നഗറിലെ കുടുംബങ്ങളുടെ വീടുകൾ നവീകരിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. 25 പട്ടിക വിഭാഗം കുടുംബങ്ങളെങ്കിലും പാർക്കുന്ന നഗറിൽ പട്ടികജാതി വികസന വകുപ്പ് ഒരുകോടിയോളം രൂപ വിനിയോഗിച്ച് വീടുകൾ നവീകരിക്കുന്നതാണ് പദ്ധതി. 2021- 22 സാമ്പത്തിക വർഷം
തലയാഴം പഞ്ചായത്തിലെ മണ്ണാറംകണ്ടം കുറിഞ്ഞികാട്ട് അംബേദ്ക്കർ നഗറിൽ പദ്ധതി അനുവദിച്ച് നിർമിതി കേന്ദ്രം എസ്റ്റിമേറ്റെടുത്തു. 29 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടത്. എന്നാൽ പണി ആരംഭിച്ചത് 2026ലാണ്. ഇതിനിടയിൽ മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ടും മറ്റും നിർധന കുടുംബങ്ങളിൽ ചിലർ വായ്പയെടുത്തു വീടിൻ്റെ തേപ്പും മറ്റു പണികളും നടത്തി. ഇതോടെ ഇവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത സ്ഥിതി വന്നു. വീടിൻ്റെ സ്ഥിതി കണക്കിലെടുത്ത്ഒരു കുടുംബത്തിന് പരമാവധി ഒന്നരലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം വീടുകളിലും കുറച്ച് പണികൾ നടത്തിയ ശേഷം തുക തീർന്നെന്ന് പറഞ്ഞ് പണിക്കാർ മടങ്ങുകയായിരുന്നെന്നാണ് ഗുണഭോക്താക്കളുടെ ആരോപണം. അതേ സമയം പരാതിയുമായി മന്ത്രിയേയും കളക്ടറേയും സമീപിക്കുമെന്ന് പറഞ്ഞവർക്ക് അവർ പറഞ്ഞ പണികൾ മുഴുവൻ ചെയ്തു നൽകിയെന്നും നഗറിലെ കുടുംബങ്ങൾ കുറ്റപ്പെടുത്തുന്നു.
ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ദുർബലരും നിർധനരുമായ കുടുംബങ്ങളെ കബളിപ്പിച്ച് ഫണ്ട് വിനിയോഗം നടത്തിയെന്ന് വരുത്തി തീർത്ത് കടന്നുകളയുകയാണെന്നും പദ്ധതി നീതിപൂർവമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥർ പദ്ധതി നിർവഹണത്തിൽ ഫലപ്രദമായി ഇടപെടാത്തതിൽ ദുരൂഹതയുണ്ടെന്ന് ഗുണഭോക്താക്കൾ ആരോപിക്കുന്നു.
ഇതേ പദ്ധതി നടപ്പാക്കിയ മറവൻതുരുത്ത്, വെച്ചൂർ പഞ്ചായത്തുകളിലും സമാനമായ രീതിയിൽ ക്രമക്കേട് നടന്നതായി ഗുണഭോക്താക്കൾ ആരോപിക്കുന്നു.മുൻ കാലങ്ങളിൽ അധികൃതർ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് വീട്ടിൽ നടത്തേണ്ട നവീകരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ഓഫീസിലെ എഞ്ചിനിയറിംഗ് വിഭാഗം നിർദ്ദേശിക്കുകയായിരുന്നു.ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കുടുംബം തന്നെ വീടിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തും.ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വീണ്ടും പൂർത്തിയാക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അതും തീർത്ത് തൃപ്തികരമായാൽ മാത്രമേ സർക്കാർ അനുവദിച്ച ധനസഹായം കുടുംബ ത്തിന് ലഭിക്കുമായിരുന്നുള്ളു. സ്വന്തം വീട് കുറ്റമറ്റതാക്കുന്ന കാര്യത്തിൽ കുടുംബവും ആത്മാർഥമായ ഇടപെടൽ നടത്തുമായിരുന്നു. എന്നാൽ ഇപ്പോൾ നഗറുകളിലെ കുടുംബങ്ങളിലെ വീടുകളുടെ നവീകരണത്തിന് കരാറുകാരെ ഏൽപിക്കുന്നതിനാൽ ഗുണമേന്മ കുറഞ്ഞ വസ്തുക്കൾകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥിതിയാണെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. പല വീടുകളിലും കുടുംബങ്ങൾ സ്വന്തംനിലയ്ക്ക് പണി നടത്തിയിരുന്നതിനാൽ അവർക്കായി നീക്കിവച്ച തുകയിൽ അറ്റകുറ്റപണി നടത്തിയ തുക കിഴിച്ചിട്ടുളള പണം നഗറിൻ്റെ പൊതുവായ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
നഗറുകളിലെ ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളിലെ അപാകത സർക്കാർ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.






