കോട്ടയം: ജില്ലയിലെ പ്രധാന ജലഗതാഗത കേന്ദ്രങ്ങളിലൊന്നായ വൈക്കം ബോട്ട് ജെട്ടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം.
ശോച്യാവസ്ഥയിലായ ജെട്ടി 35 ലക്ഷം രൂപ ചെലവിൽ ഇറിഗേഷൻ വകുപ്പ് നവീകരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിലെ ബോട്ട് സർവീസുകൾ പഴയ ജെട്ടിയിലേക്കാണ് താൽക്കാലികമായി മാറ്റിയിരിക്കുന്നത്.
2011-ൽ അന്നത്തെ എം.എൽ.എ കെ. അജിത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബോട്ട് ജെട്ടി നിർമിച്ചത്. എന്നാൽ വർഷങ്ങൾക്കിപ്പുറം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നതോടെ യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടായി. മഴപെയ്താൽ മേൽക്കൂര ചോർന്നൊലിക്കുന്നതും ബോട്ടിലേക്ക് കയറാനും ഇറങ്ങാനുമുള്ള നടപ്പാതയിലെ ടൈലുകൾ പൊട്ടിത്തെറിച്ചതും ഏറെ നാളായി പരിഹാരം കാണാത്ത പ്രശ്നങ്ങളായിരുന്നു.
ബോട്ടുകൾ ജെട്ടിയോട് ചേർത്ത് നിർത്തുമ്പോൾ പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിലെ ഷീറ്റുകളിൽ തട്ടുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതായും യാത്രക്കാർ പറയുന്നു.
സുരക്ഷയെയും യാത്രാസൗകര്യത്തെയും ബാധിച്ച ഈ പ്രശ്നങ്ങളാണ് ഒടുവിൽ നവീകരണത്തിന് വഴിയൊരുക്കിയത്.
നവീകരണത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോമും ഓഫീസ് കെട്ടിടത്തിന്റെ തകർന്ന ഭാഗങ്ങളും അറ്റകുറ്റപ്പണി നടത്തും. ഇതിനൊപ്പം കായലിൽ അടിഞ്ഞുകൂടിയ പായൽ, ചളി, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്ത് ആഴം വർധിപ്പിച്ചതോടെ പഴയ ജെട്ടിയിലേക്കും ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കാൻ സാധിക്കുന്ന സാഹചര്യമൊരുങ്ങിയിട്ടുണ്ട്.
പുതിയ ജെട്ടി നിലവിൽ വന്നതോടെ വർഷങ്ങളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന പഴയ ജെട്ടിയാണ് ഇപ്പോൾ വീണ്ടും യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി വൈക്കത്തെ ബോട്ട് യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






