വൈക്കം : നഗരസഭാ ബീച്ചിലെ ശില്പോദ്യാനത്തിൽ കായലിൽനിന്ന് കോരി വെച്ചിരിക്കുന്ന ചെളിയും മാലിന്യങ്ങളും അടിയന്തരമായി നീക്കംചെയ്യണമെന്ന് ബീച്ച് സന്ദർശിച്ച കൗൺസിലർമാർ ആവശ്യപ്പെട്ടു.
ഈ വിഷയം ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയ വാർഡ് കൗൺസിലറോട് നിഷേധസമീപനമാണ് ചെയർമാൻ സ്വീകരിച്ചതെന്ന് പ്രതിപക്ഷം പറയുന്നു. ഇതേ തുടർന്ന്കൗൺസിലർമാർ മുനിസിപ്പൽ സെകട്ടറിയെ കണ്ട് ബീച്ചിലെ സ്ഥിതി ബോധ്യപ്പെടുത്തി.
അടിയന്തരമായി മാലിന്യം നീക്കംചെയ്തില്ലെങ്കിൽ കൗൺസിലിനകത്തും പുറത്തും ചൊവ്വാഴ്ച മുതൽ സമരം തുടങ്ങുമെന്ന് കൗൺസിലർമാർ അറിയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രഞ്ജിത്ത്കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബി.ഗിരിജാകുമാരി, കൗൺസിലർമാരായ പി.ടി. രാജേഷ്, റെജിമോൾ പ്രദീപ്, എ.സി. മണിയമ്മ, ബി.സുശീല, സീമാ സുധീർ, പ്രീതാ അനിൽകുമാർ, എം.ആർ. അനിൽകുമാർ, സിന്ധു സജീവൻ എന്നിവർ പങ്കെടുത്തു.
മഴ മാറിയാൽ മാലിന്യംനീക്കും വൈക്കം നഗരസഭ ബീച്ചിൽ ശില്പങ്ങൾക്ക് അടുത്ത് കൂടിക്കിടന്ന മാലിന്യങ്ങൾ സ്വഛ് ഭാരത് മിഷൻ പരിശോധനയ്ക്ക് വരുന്നതിനാൽ നഗരസഭയ്ക്ക് ഒരു രൂപപോലും മുടക്കില്ലാതെ ഇറിഗേഷൻ വകുപ്പ് കൊണ്ടുവന്ന ഹിറ്റാച്ചി ഉപയോഗിച്ച് കോരി കരയിൽ വെച്ചതാണെന്ന് നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.






