വൈക്കം: വൈക്കം കായലോര ബീച്ച് വഴി തോട്ടുവക്കം കനാലുമായി ബന്ധിപ്പിച്ച് തീരദേശ ബൈപാസ് റോഡ് നിർമിക്കാൻ വഴിതെളിയുന്നു.
ഈ റോഡ് യാഥാർഥ്യമാക്കുന്നതിന്റെ സാധ്യത വിലയിരുത്തുന്നതിനായി കെ.ബിനിമോൻ എം എൽ എ, വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ ഉദ്യോഗസ്ഥർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ സ്ഥലപരിശോധന നടത്തി.
ഈ റോഡ് യാഥാർഥ്യമായാൽ വൈക്കം ടൗണിലെ ഗതാഗത തിരക്ക് ഒഴിവാക്കി ബൈപ്പാസ് റോഡ് വഴി ചേർത്തല, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജ്, കോട്ടയം ഭാഗങ്ങളിലേക്ക് യാത്രക്കാർക്ക് സുഗമമായി പോകാനാകും. അതിന് പുറമെ വിനോദ സഞ്ചാര വികസനത്തിനും തീരദേശ ബൈപാസ് റോഡ് വഴിയൊരുക്കും.
തീരദേശ റോഡ് മാക്കേക്കടവ് പാലത്തിലേക്ക് എത്തുന്ന വിധത്തിൽ വികസിപ്പിച്ചാൽ വൈക്കത്തിന്റെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടും. കോവിലകത്തുംകടവ് മൽസ്യമാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാരം മേഖല മെച്ചപ്പെടുത്തുവാനും സാധിക്കും.
റോഡിനോടൊപ്പം തന്നെ ബീച്ചിനോട് ചേർന്ന് മത്സ്യബന്ധനത്തിന് പോകുന്ന ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അടുപ്പിക്കുന്നതിന് വേണ്ടിയുള്ള വള്ളക്കടവ്
പുനർക്രമീകരിക്കും.
നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീതപുരുഷൻ, കൗൺസിലർമാരായ പി.ഡി.പ്രസാദ്, വി. അനൂപ്, മാധുരി, രതിമോൾ മഹേശൻ, അംബിക രാജേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.






