വെച്ചൂർ: കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിന് കൊടിയേറി.
വേമ്പനാട്ട് കായലിന്റെ തീരത്തെ കൊടിമരത്തിൽ പരിശുദ്ധകന്യാമറിയത്തിന്റെ ഛായാച്ചിത്രം ആലേഖനം ചെയ്ത കൊടിക്കൂറ വികാരി ഫാ.ജോഷി കളപ്പറമ്പത്ത് ഉയർത്തി. കായൽതീരത്ത് നിറഞ്ഞുനിന്ന വിശ്വാസികൾ വിശുദ്ധയുടെ അനുഗ്രഹത്തിനായി കൈ കൂപ്പി.
അൾത്താരയിൽ വെഞ്ചരിച്ച കൊടിക്കൂറ ഈ വർഷത്തെ പ്രസുദേന്തി അഗസ്റ്റിൻ വി. ജോർജ് കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിചേർന്നു. പൊൻ-വെള്ളി കുരിശുകളും, മുത്തുക്കുടകളും, വാദ്യമേളങ്ങളും ചടങ്ങിന് പ്രൗഢിപകർന്നു.
ഇടവക വൈദികരായ ഫാ.സക്കറിയ നെല്ലിക്കുന്നത്ത്, ഫാ.അലക്സ് കാട്ടേഴത്ത്, ഫാ.പോൾ കാഞ്ഞിക്കാട്ടുകരി, ഫാ.ജോസ് പാലത്തിങ്കൽ, ഫാ.ക്രിസ്റ്റി മഠത്തിൽ, ഫാ.വർഗീസ് ഇടത്തിച്ചിറ എന്നിവർ സഹകാർമികരായിരുന്നു.
കെ. ഫ്രാൻസിസ് ജോർജ് എം.പി., മന്ത്രി മോൻസ് ജോസഫ്, കെ. ബിനിമോൻ എം.എൽ.എ., വികാരി ജോഷി കളമ്പറമ്പത്ത്, സഹവികാരി ഫാ.ജിബിൻ, കൈക്കാരന്മാരായ ബിജു മിത്രംപള്ളി, സേവ്യർ മലയിൽ,
സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ജിയോ ഭഗവതിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനിച്ചു. പള്ളിയുടെ മൂന്നുകിലോമീറ്റർ ചുറ്റളവ് ഉത്സവമേഖലയായി കളക്ടർ ചേതൻകുമാർ മീണ പ്രഖ്യാപിച്ചിട്ടുണ്ട്






