കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, ലേബർ കോഡ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടും യുടിയുസിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
രാവിലെ 10:30 ന് ആരംഭിച്ച ധർണ്ണയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളും യുടിയുസി പ്രവർത്തകരും പങ്കെടുത്തു.
നിലവിലുള്ള തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തുന്ന രീതിയിൽ കൊണ്ടുവന്ന ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും, 8 മണിക്കൂർ ജോലി, മിനിമം വേതനം, തൊഴിൽ സുരക്ഷ, ട്രേഡ് യൂണിയൻ അവകാശങ്ങൾ എന്നിവ സംരക്ഷിക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ആർഎസ്പി ജില്ലാ സെക്രട്ടറി ടി സി അരുൺ ആവശ്യപ്പെട്ടു.
സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് പിന്മാറണമെന്നും അദേഹം ആവശ്യപ്പെട്ടു. യുടിയുസി
ജില്ലാ സെക്രട്ടറി മുണ്ടക്കയം സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സിജു കൈത മറ്റം മുഖ്യപ്രഭാഷണം നടത്തി.
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഭാവിയിലും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു. സ്റ്റീഫൻ ജേക്കബ്,
ടിംസ് തോമസ്, ജോൺ പി എ, എൻ സി രാജൻ, ഗ്ലാഡ്സൻ ജേക്കബ്, രാജേഷ് നട്ടാശ്ശേരി,അൻസാരി കോട്ടയം,പ്രമോദ് ഒറ്റകണ്ടം,മുരളി തകിടിയെൽ, ടി വി തങ്കച്ചൻ എന്നിവർ സംസാരിച്ചു





