ഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനല്‍ ആൻസർ കീ പ്രസിദ്ധീകരിച്ചു. 84 വിഷയങ്ങളുടെ ഫൈനല്‍ ആൻസർ കീയാണ് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in വഴി പരിശോധിക്കാൻ ലഭ്യമാക്കിയിട്ടുള്ളത്.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികള്‍ക്ക് ഈ ആൻസർ കീ ഉപയോഗിച്ച് ഉത്തരങ്ങള്‍ ഒത്തുനോക്കാനും പ്രതീക്ഷിക്കുന്ന സ്കോറുകള്‍ കണക്കാക്കാനും സാധിക്കും.
മുമ്പ് നല്കിയ പ്രൊവിഷണല്‍ ആൻസർ കീകള്‍ക്ക് എതിരായി ഉദ്യോഗാർത്ഥികള്‍ നല്കിയ എതിർപ്പുകളും പരാതികളും പരിശോധിച്ച ശേഷമാണ് എൻടിഎ ഈ ഫൈനല്‍ ആൻസർ കീ തയ്യാറാക്കിയത്. ഈ ഫൈനല്‍ ആൻസർ കീയുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണ്ണയ പ്രക്രിയകള്‍ നടക്കുക. ഔദ്യോഗിക ഫലവും സ്കോർകാർഡും വരുന്നത് വരെ ഉദ്യോഗാർത്ഥികള്‍ കാത്തിരിക്കേണ്ടതുണ്ട്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യത, പിഎച്ച്ഡി (PhD) അഡ്മിഷൻ എന്നിവ നിർണ്ണയിക്കുന്നതിനാണ് എൻടിഎ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.
ജൂണ്‍ 22 മുതല്‍ 30 വരെ 87 വിഷയങ്ങളിലായി നടന്ന യുജിസി നെറ്റ് പരീക്ഷയില്‍ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപ്പേപ്പറുകളില്‍ പിഴവുകള്‍ ഉയർന്നുവന്നിരുന്നു. എൻടിഎ സമിതി നടത്തിയ പരിശോധനയില്‍ വസ്തുതാപരമായ തെറ്റുകളും അച്ചടി-പരിഭാഷാ പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് ഈ മൂന്ന് വിഷയങ്ങളുടെ പരീക്ഷകള്‍ റദ്ദാക്കുകയും വീണ്ടും നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ള 84 വിഷയങ്ങളെ ഈ പ്രശ്നം ബാധിച്ചിരുന്നില്ല.






