സാൻ ഫ്രാൻസിസ്കോ: ആഗോള ഓണ്‍ലൈൻ ടാക്സി ഭീമനായ ഊബറില്‍ ജീവനക്കാരില്‍ നിന്ന് വലിയൊരു വിഭാഗത്തെ പിരിച്ചുവിടുന്നു.
ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 3,300 പേരെ പിരിച്ചുവിടുമെന്ന് കമ്പനി സി.ഇ.ഒ ദാരാ ഖോസ്റോവ്ഷാഹി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഊബറിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.
ഓഫീസ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിൻ്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കുന്നു. പ്രധാനമായും മാനേജർമാർക്ക് കീഴില്‍ ഒന്നോ രണ്ടോ ജീവനക്കാർ മാത്രം പ്രവർത്തിക്കുന്ന 'മൈക്രോ-ടീമുകളുടെ' എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനാണ് നീക്കം.
എഐ സാങ്കേതികവിദ്യ കൂടുതല്‍ മേഖലകളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മേയ്, ജൂലൈ മാസങ്ങളിലും ഊബർ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എഐ അധിഷ്ഠിത തൊഴില്‍ സംസ്കാരത്തിലേക്ക് കമ്പനി മാറുമ്പോള്‍ വരും ദിവസങ്ങളിലും കൂടുതല്‍ പുനഃസംഘടനകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.






