പാലക്കാട്: മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ ടി.ടി.ഇക്ക് മർദനമേറ്റ സംഭവത്തില്‍ നിർണായക വെളിപ്പെടുത്തലുമായി സഹയാത്രികർ രംഗത്ത്.
സംഭവസമയത്ത് അതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന എറണാകുളം സ്വദേശിയായ ദില്‍ഷാദ് എന്ന യുവാവും സുഹൃത്തുമാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ടി.ടി.ഇയുടെ ഭാഗത്താണ് ന്യായമെന്നും, തങ്ങള്‍ ഇടപെട്ട് പിടിച്ചതുകൊണ്ടാണ് രണ്ടുപേരും ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീഴാതിരുന്നതെന്നും യുവാക്കള്‍ വ്യക്തമാക്കി.
ജനറല്‍ ടിക്കറ്റെടുത്ത് കയറിയ യുവാക്കള്‍ ടിക്കറ്റ് സ്ലീപ്പറിലേക്ക് കണ്‍വേർട്ട് ചെയ്യാനായി ടി.ടി.ഇയെ കാണാൻ എത്തിയപ്പോഴാണ് സംഭവം കണ്ണില്‍പ്പെടുന്നത്. യുവതി ടി.ടി.ഇയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും തുടർന്ന് മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. തർക്കത്തിനിടെ വാതിലിനരികില്‍ നിന്ന രണ്ടുപേരും പുറത്തേക്ക് വീഴാൻ പോയെന്നും, തങ്ങള്‍ സമയത്തിന് പിടിച്ചു നിർത്തിയതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായതെന്നും യുവാക്കള്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
'പൊലീസിനെ വിളിക്കുമെന്ന് ടി.ടി.ഇ പറഞ്ഞപ്പോള്‍, താൻ എന്നെ കയറിപ്പിടിച്ചെന്ന് ഞാൻ പൊലീസിനോട് പറഞ്ഞോളാം' എന്ന് യുവതി ഭീഷണിപ്പെടുത്തിയതായും സഹയാത്രികർ വെളിപ്പെടുത്തി. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ടി.ടി.ഇക്ക് ഒപ്പമാണ് നിന്നത്. ആളുകള്‍ പകർത്തിയ വീഡിയോയില്‍ തങ്ങളുടെ മുഖവും വന്നതുകൊണ്ടാണ് കാര്യങ്ങള്‍ വ്യക്തമാക്കാൻ വീഡിയോ പങ്കുവെച്ചതെന്നും, തങ്ങള്‍ യാതൊരു കാരണവശാലും ആ യുവതിക്കൊപ്പമല്ലെന്നും യുവാക്കള്‍ അഭ്യർത്ഥിച്ചു.
പാലക്കാട് ഡിവിഷനിലെ ടി.ടി.ഇ എസ്. സുജിത്തിനാണ് ഡ്യൂട്ടിക്കിടെ അതിക്രമം നേരിട്ടത്. പട്ടിത്തറ സ്വദേശി കെ.പി. ശ്രുതിയാണ് തന്നെ മർദിച്ചതെന്ന് കാട്ടി സുജിത്ത് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മർദനമേറ്റ് മുഖത്ത് ചോരയുമായി നില്ക്കുന്ന സുജിത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ജനറല്‍ ടിക്കറ്റുമായി ഫറോക്കില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് യാത്ര ചെയ്യാനായി സ്ലീപ്പർ കമ്പാർട്ട്മെന്റില്‍ കയറിയ യുവതിയോട് ലേഡീസ് കോച്ചിലേക്ക് മാറാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ടി.ടി.ഇ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






