പൊൻകുന്നം : പൊൻകുന്നം ടൗണിൽ ട്രാഫിക് പരിഷ്കരണ നടപടികൾ തുടങ്ങി. ചിറക്കടവ് പഞ്ചായത്ത് നടത്തുന്ന ട്രാഫിക് പരിഷ്കരണങ്ങളുടെ ഭാഗമായാണ് ദേശീയപാതാ വിഭാഗത്തിന്റെ റോഡ് അടയാളപ്പെടുത്തൽ തുടങ്ങിയത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ചിറക്കടവ് പഞ്ചായത്ത് നടപടി തുടങ്ങിയത്.
വഴിയോര പാർക്കിങ് നിയന്ത്രണം, സീബ്രാലൈൻ തുടങ്ങിയവ അടയാളപ്പെടുത്തുന്ന ജോലികളാണ് നടത്തിയത്. അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടിഎൻ. ഗിരീഷ്കുമാർ പറഞ്ഞു.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ, പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി. ഇന്ദ്രരാജ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോമി ഡൊമിനിക്, സെക്രട്ടറി സാബു ജോർജ് തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രധാന കവലകളിൽ വെവ്വേറെ റോഡുകളിലേക്ക് തിരിഞ്ഞുപോകേണ്ട വാഹനങ്ങൾക്കായി പ്രത്യേക പാതകൾ അടയാളപ്പെടുത്തും.






