പാലാ : പാലാ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലപ്പള്ളി ഐങ്കൊമ്പ് പേഴത്തിനാല്‍ സ്വദേശി 19കാരനായ വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
പ്രതിയുടെ മുറിവ് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പാലാ ജനറല്‍ ആശുപത്രിയില്‍ മോഷണം നടത്തിയ ശേഷം കേരളം വിട്ട പ്രതിയെ തിരികെ വരുംവഴി സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടുകയായിരുന്നു. ഇന്നലെ പാലാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സ്റ്റേഷനില്‍ മേശപ്പുറത്തിരുന്ന കത്രികയെടുത്ത് ഇയാള്‍ കഴുത്തില്‍ വരയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വിഷ്ണുവിനെ അവിടെ നിന്ന് റഫര്‍ ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പാലാ പോലീസ് പറഞ്ഞു.
പാലാ ജനറല്‍ ആശുപത്രിയിലെ ക്യാഷ് കൗണ്ടര്‍ തകര്‍ത്ത് അകത്തു കയറി പണം മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഉച്ചയോടെയാണ് പ്രതിയെ സേ്റ്റഷനിലെത്തിച്ചത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകാനും കോടതിയില്‍ ഹാജരാക്കാനുമുള്ള നടപടികള്‍ പോലീസുകാര്‍ നടത്തുമ്പോഴാണ് സംഭവം.
സ്റ്റേഷനിലുള്ളില്‍ ഇരിക്കുമ്പോള്‍ മേശപ്പുറത്തിരുന്ന ചെറിയ കത്രിക പോലീസുകാരുടെ ശ്രദ്ധയില്‍ പെടാതെ എടുക്കുകയും കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു. സംഭവം കണ്ട പോലീസുകാര്‍ ഉടന്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പോലീസിനെതിരെയും അക്രമം നടത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് പ്രതിയെ പാലാ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതി രാമപുരത്ത് വൃദ്ധയെ പീഡിപ്പിച്ച കേസിലും കഞ്ചാവ് വിറ്റ് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലിന് വൈകിട്ടായിരുന്നു പാലാ ജനറലാശുപത്രിയില്‍ മോഷണം നടത്തിയത്. ഒരു സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൂടെ നില്‍ക്കുകയായിരുന്നു വിഷ്ണു. ആശുപത്രിയുടെ മുകള്‍ നിലയിലെ കൗണ്ടറില്‍ ആളില്ലാത്ത സമയത്ത് ഗ്രില്ല് തകര്‍ത്ത് അകത്തു കയറിയാണ് പണം കവര്‍ന്നത്. ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു.






