ടെലിഗ്രാം 13-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ അപ്ഡേറ്റ് പുറത്തിറക്കി. ഗ്രൂപ്പുകള്‍, ചാനലുകള്‍, സന്ദേശങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുതിയ ഫീച്ചറുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ അംഗങ്ങള്‍ക്ക് മാത്രമായി കാണാൻ കഴിയുന്ന സ്വാഗത സന്ദേശങ്ങള്‍, സന്ദേശങ്ങളില്‍ ചേർക്കാവുന്ന ഇന്ററാക്ടീവ് ബട്ടണുകള്‍, ടെക്സ്റ്റിനൊപ്പം ഫയലുകളും സംഗീതവും ഉള്‍പ്പെടുത്താനുള്ള സൗകര്യം എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.
പുതിയ അംഗങ്ങള്‍ക്ക് മാത്രമായി വെല്‍ക്കം മെസേജ്
ഗ്രൂപ്പുകളിലും ചാനലുകളിലും പുതുതായി ചേരുന്ന അംഗങ്ങള്‍ക്കായി പ്രത്യേക സ്വാഗത സന്ദേശങ്ങള്‍ തയ്യാറാക്കാൻ ഇനി ഉടമകള്‍ക്ക് സാധിക്കും. ഗ്രൂപ്പിലോ ചാനലിലോ നേരത്തെ അംഗങ്ങളായിട്ടുള്ളവർക്ക് ഈ സന്ദേശങ്ങള്‍ കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രധാന ചാറ്റിനെ ബാധിക്കാതെ പുതിയ അംഗങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്കാൻ ഈ സംവിധാനം സഹായിക്കും. ഒന്നിലധികം സന്ദേശങ്ങളും ചിത്രങ്ങളും മറ്റ് മീഡിയകളും ഉള്‍പ്പെടുത്തി ഒരു സ്വാഗത പാക്കേജ് തയ്യാറാക്കാനും സാധിക്കും. റിച്ച് ഫോർമാറ്റിങ്, ടേബിളുകള്‍, ഇൻലൈൻ മീഡിയ തുടങ്ങിയ സൗകര്യങ്ങളും ഇതില്‍ ഉപയോഗിക്കാം. പ്രത്യേക ബോട്ടുകളുടെ സഹായമില്ലാതെ തന്നെ ഗ്രൂപ്പിന്റെയോ ചാനലിന്റെയോ പ്രൊഫൈലില്‍ നിന്ന് സ്വാഗത സന്ദേശം തയ്യാറാക്കാൻ സാധിക്കും.
സന്ദേശങ്ങളില്‍ ഇന്ററാക്ടീവ് ബട്ടണുകള്‍
ഡെവലപ്പർമാർക്ക് ഇനി ടെലിഗ്രാം സന്ദേശങ്ങളില്‍ നേരിട്ട് ഇന്ററാക്ടീവ് ബട്ടണുകള്‍ ഉള്‍പ്പെടുത്താം. ഗ്രൂപ്പുകളിലും ചാനലുകളിലും ഒന്നിലധികം ബട്ടണുകള്‍ ചേർക്കാനും താല്‍ക്കാലിക സന്ദേശങ്ങളുമായി ഇവ ബന്ധിപ്പിക്കാനും സാധിക്കും. സർവേകള്‍, ഗെയിമുകള്‍, ക്വിസുകള്‍, ജാതകം, ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കല്‍, ഓർഡർ ചെയ്യല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. ഒരേ ഗ്രൂപ്പിലെ വ്യത്യസ്ത ഉപയോക്താക്കള്‍ക്കായി വ്യത്യസ്ത ഗെയിം അനുഭവങ്ങളും ഒരുക്കാനാകും. ഇത്തരം ഇന്ററാക്ടീവ് സംവിധാനങ്ങള്‍ സൃഷ്ടിക്കാൻ കോഡിങ് ആവശ്യമാണ്.
ടെക്സ്റ്റിനൊപ്പം ഫയലുകളും സംഗീതവും
ടെലിഗ്രാമിന്റെ റിച്ച് ടെക്സ്റ്റ് എഡിറ്ററിലും പുതിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി ഒരു സന്ദേശത്തിലെ ടെക്സ്റ്റിനൊപ്പം തന്നെ ഡോക്യുമെന്റുകള്‍, ഫയലുകള്‍, സംഗീതം എന്നിവ ഉള്‍പ്പെടുത്താം. മൂന്നുവരിയില്‍ കൂടുതല്‍ ടൈപ്പ് ചെയ്തതിന് ശേഷം വിപുലീകരിച്ച എഡിറ്റർ ഉപയോഗിക്കാനാകും. ഇതോടെ ടെക്സ്റ്റിനൊപ്പം ആവശ്യമായ ഫയലുകള്‍ പ്രത്യേകം സന്ദേശങ്ങളായി അയയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാം.
പഴയ പതിപ്പുകള്‍ക്ക് അപ്ഡേറ്റ് നിർദേശം
പുതിയ ഫീച്ചറുകള്‍ പ്രദർശിപ്പിക്കാൻ കഴിയാത്ത പഴയ ആപ്പ് പതിപ്പുകള്‍ക്കായി പ്രത്യേക പ്ലേസ്ഹോള്ഡറും ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കാൻ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ഈ അറിയിപ്പ് ഉപയോക്താക്കളെ ഓർമിപ്പിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഓട്ടോമാറ്റിക് അപ്ഡേറ്റുകള് പ്രവർത്തനക്ഷമമാക്കാനും ടെലിഗ്രാം നിർദേശിക്കുന്നു. ഇതുവഴി പുതിയ ഫീച്ചറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ആപ്പ് ഓട്ടോമാറ്റിക്കായി പുതുക്കാൻ സാധിക്കും.
സമ്മാനങ്ങള്‍ക്കും പുതിയ ഫീച്ചർ
ടെലിഗ്രാം മാർക്കറ്റ്പ്ലേസില്‍ നിന്ന് വാങ്ങുന്ന കളക്ടബിള്‍ സമ്മാനങ്ങള്‍ അയയ്ക്കുമ്പോള്‍ ഇനി ഒപ്പും കമന്റും ചേർക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും. ടെലിഗ്രാം സ്റ്റാർസ് ഉപയോഗിച്ച് ഇത്തരം സമ്മാനങ്ങള്‍ വാങ്ങാം. അപൂർവവും അപ്ഗ്രേഡ് ചെയ്തതുമായ കളക്ടബിള്‍ സമ്മാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രൂപ്പുകളും ചാനലുകളും കൂടുതല്‍ ഇന്ററാക്ടീവാക്കുന്നതിനൊപ്പം സന്ദേശങ്ങള്‍ കൂടുതല്‍ സമ്പന്നമാക്കുകയാണ് പുതിയ അപ്ഡേറ്റിലൂടെ ടെലിഗ്രാം ലക്ഷ്യമിടുന്നത്.






