ന്യൂഡൽഹി: തമിഴ്നാട്ടിൽ ഗോവധം പൂർണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തിന് സുപ്രീംകോടതിയുടെ താൽക്കാലിക സ്റ്റേ. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചത്.
1976-ലെ സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കി സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. പാൽ ഉൽപ്പാദനവും ഗ്രാമീണ സമ്പദ്വ്യവസ്ഥയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1976-ൽ സർക്കാർ ഉത്തരവിറക്കിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ തിരുത്തൽ ആവശ്യമുണ്ടെന്ന് പ്രാഥമികമായി വിലയിരുത്തിയ സുപ്രീംകോടതി, ഉത്തരവിന് സ്റ്റേ അനുവദിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സംസ്ഥാനത്ത് ഗോവധം നിരോധിക്കണമെന്ന നിർദേശം നേരത്തെ പുറപ്പെടുവിച്ചിരുന്നത്.






