തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി സി.പി.
ജോണ്‍ സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ സ്വകാര്യ ബസ് സർവീസുകള്‍ വൻ സാമ്പത്തിക നഷ്ടം നേരിടുകയാണെന്ന് ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചു.
സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച് അതിന്റെ ടിക്കറ്റ് തുക സർക്കാർ നേരിട്ട് നല്‍കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൂടാതെ ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കണ്സെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ബസുടകമള് ഉന്നയിച്ചു
ചർച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദര്‍ശിനി നടപ്പാക്കിയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. പലയിടത്തും ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. സ്വകാര്യ ബസുകള്‍ മറ്റ് വരുമാന സ്രോതസ്സ് തേടണമെന്ന് മന്ത്രി പറഞ്ഞിരുന്നു.
വയനാട്ടില്‍ സ്വകാര്യ ബസുകള്‍ വിദ്യാർത്ഥികളുടെ കണ്സഷൻ ചാർജ് വർധിപ്പിച്ചതിനെതിരെ കല്പറ്റ ആർടിഒ ഓഫീസില്‍ പ്രതിഷേധം നടത്തിയിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കല്പറ്റ ആർടിഒയെ ഉപരോധിച്ചു. കുട്ടികളില്‍ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രതിഷേധം.
വിദ്യാർത്ഥികളുടെ കണ്സഷൻ ചാർജ് ഒറ്റയടിക്ക് ഒരു രൂപയില്‍ നിന്നും മൂന്ന് രൂപയാക്കിയാണ് സ്വകാര്യ ബസ് ഉടമകള്‍ വർധിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കല്‍പ്പറ്റ ആർ.ടി.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.
തങ്ങള്‍ പറയുന്ന സംവിധാനം നടപ്പാക്കിയാല്‍ മാത്രമേ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനാകൂവെന്നും നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.






