തൃശ്ശൂർ: ഉദ്ഘാടനച്ചടങ്ങുകളിലേക്ക് ആരും തന്നെ ക്ഷണിക്കാറില്ലെന്നും അതുവഴിയുള്ള വരുമാനം കുറഞ്ഞെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി.
ആലപ്പുഴയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി തമാശരൂപേണയാണ് ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ ഒട്ടേറെ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍, ഉദ്ഘാടനച്ചടങ്ങുകളിലേക്ക് ക്ഷണിക്കപ്പെട്ടിട്ട് ഇപ്പോള്‍ കുറച്ചുകാലമായി. അതുവഴി ലഭിച്ചിരുന്ന വരുമാനവും നിലച്ചു. അതില്‍ എനിക്ക് പരാതിയൊന്നുമില്ല; ദൈവം നിശ്ചയിച്ചത് എന്താണോ അത് സംഭവിക്കും. ഈ ഉദ്ഘാടനം ഒരു തുടക്കമാണ്. ഉദ്ഘാടനച്ചടങ്ങുകളിലേക്കുള്ള എന്റെ തിരിച്ചുവരവിന് ഇതൊരു തുടക്കമാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
'മറ്റ് ജനപ്രതിനിധികള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സവിശേഷമായ പശ്ചാത്തലം എനിക്കുണ്ട്. ഞാന്‍ ജനിച്ചത് ആലപ്പുഴയിലാണ്. താത്തപ്പള്ളിക്ക് സമീപം. 'കൃഷ്ണന് നായര്‍ വാച്ച് കമ്പനി'യുടെ വീടിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന വലിയൊരു പുരയിടത്തിലായിരുന്നു എന്റെ അമ്മവീടായ 'ശിവസദനം' ഉണ്ടായിരുന്നത്. ആ വീട് ഇപ്പോഴില്ല. അമ്മയുടെ കുടുംബം വളടിയില് നിന്നുള്ളതാണ്. അച്ഛന്‍വീട് നരകത്തറയിലാണ്. ഞാന്‍ കുട്ടനാട്ടുകാരനാണോ എന്ന് ചോദിച്ചാല്‍ ആലപ്പുഴയിലെ കുട്ടനാടല്ല മറിച്ച് കോട്ടയം ഭാഗത്തെ കുട്ടനാടാണ് എന്റേതെന്ന് ഞാന്‍ പറയും. എന്റെ വിദ്യാഭ്യാസം കൊല്ലത്തായിരുന്നു.
മൂന്നാം വയസ്സില്‍ അച്ഛന് എന്നെ കൊല്ലത്തേക്ക് കൊണ്ടുപോയി. വിവാഹശേഷം ഏകദേശം 32-ാം വയസ്സിലാണ് ഞാന്‍ എന്റെ ഭാര്യയുടെ നാടായ തിരുവനന്തപുരത്തേക്ക് വരുന്നത്. തൃശൂരാണ് എനിക്ക് എംപിയായി സേവനമനുഷ്ഠിക്കാനുള്ള അവസരം നല്‍കിയത്. മറ്റേതെങ്കിലും എംപിക്കോ എംഎല്‍എയ്ക്കോ ഇത്തരമൊരു സവിശേഷ പശ്ചാത്തലമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം,' സുരേഷ് ഗോപി പറഞ്ഞു.






