ന്യൂഡൽഹി: പൗരത്വം നിർണയിക്കുന്ന നടപടികൾ നീതിപൂർവവും നിയമാനുസൃതവുമായിരിക്കണമെന്ന് സുപ്രീംകോടതി. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച ശേഷമേ ഒരാളെ വിദേശിയെന്ന് പ്രഖ്യാപിക്കാനോ പൗരത്വവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലെത്താനോ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. പൗരത്വം ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള അവകാശമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
അസമിൽ 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരെയാണ് ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തിയത്. ഈ ഉത്തരവ് നേരത്തെ ഗുവാഹത്തി ഹൈക്കോടതിയും ശരിവെച്ചിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഹൈക്കോടതി വിധിയും റദ്ദാക്കിയ കോടതി, ഹർജിക്കാരുടെ അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണലിന് നിർദേശം നൽകി. ഒരാളുടെ പൗരത്വം നിർണയിക്കാനുള്ള സർക്കാരിന്റെ അധികാരം നിയമാനുസൃതവും നീതിയുക്തവുമായ നടപടിക്രമങ്ങളിലൂടെയായിരിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.






