ഡല്‍ഹി: വിമാനയാത്രാ നിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി.
ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കിയത്. വിമാന ടിക്കറ്റുകളുടെ നിരക്കില്‍ ഉണ്ടാകുന്ന പ്രവചനാതീതമായ വർധന നിയന്ത്രിക്കാൻ മാർഗനിർദേശങ്ങള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.
ഇതിനകം തന്നെ വിമാനയാത്രാ നിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവ 30 ദിവസത്തിനകം പാർലമെന്റിന്റെ ഇരു സഭകളുടെയും പരിഗണനയ്ക്കായി സമർപ്പിക്കുമെന്നുമായിരുന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. പാർലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമർപ്പിക്കണമെന്നായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം. 'സർക്കാർ സമർപ്പിച്ച വിശദീകരണം പരിഗണിച്ച്, രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് പാർലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് നോക്കാതെ രണ്ടാഴ്ചയ്ക്കകം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ ഹാജരാക്കണം. കേസ് ഓഗസ്റ്റ് 3-ന് വീണ്ടും പരിഗണിക്കും' എന്നായിരുന്നു കോടതിയുടെ ഉത്തരവ്.






