തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മറ്റൊരു രാജ്യത്ത് വേറെ പേരിൽ ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്.
ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവിൽ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.
സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാൻ ഇരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
എന്നാൽ, നിലവിൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനമെന്താണെന്ന് പോലീസിന് അറിവില്ലെന്നാണ് വിവരം.
കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്ന വാർത്തകളാണ് ഇന്ന് പുറത്തുവന്നത്.
ഒരു സൈബർ വിദഗ്ദ്ധൻ എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളുടെയും ബന്ധുക്കളുടെ ഫോൺ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപ്പേരിൽ ഇയാൾ താമസിക്കുന്നുണ്ടെന്നും നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വാർത്തകളിൽ സൂചിപ്പിച്ചിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ മാത്രം മുൻനിർത്തി അന്വേഷണവുമായി മുന്നോട്ട് പോകാൻ പോലീസിന് കഴിയില്ല.
ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ, ദൃശ്യങ്ങളിൽ കാണുന്ന വയോധികൻ തൃശ്ശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന.






