കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത് നിനവ് എന്നിവരെ കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി.
ഇന്നലെ ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റിയത്.
ഇരുവർക്കും 19 വയസാണ് പ്രായമെന്നും ജയില്‍ ചട്ടമനുസരിച്ചാണ് നടപടിയെന്നുമാണ് അധികൃതർ അറിയിച്ചത്.
സർക്കാർ നിയമവും പ്രായവും പരിഗണിച്ചാണ് ജയിലിനുള്ളിലെ ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് സുഹൈലിനെയും നിനവിനെയും മാറ്റിയതെന്ന് ജയില്‍ ഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
18നും 21നുമിടയില്‍ പ്രായമുള്ളവർ അറസ്റ്റിലായാല്‍ ജയിലിലെ സെല്ലില്‍ അല്ല, ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം അറിയിച്ചു.






