മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ഓഗസ്റ്റ് 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിനിടെയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് സുചിത്ര മോഹൻലാൽ നൽകിയ സമ്മാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ജൂഡ് ആന്തണി ജോസഫ് തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സുചിത്ര മോഹൻലാലിനും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രവും സമ്മാനമായി ലഭിച്ച വാച്ചിന്റെ ചിത്രവും പങ്കുവെച്ച അദ്ദേഹം, സുചിത്രയെ തനിക്ക് എന്നും ഒരു സഹോദരിയെപ്പോലെയാണെന്ന് കുറിച്ചു. 'തുടക്കം' കണ്ടതിന് ശേഷം നൽകിയ ഈ സമ്മാനം ജീവിതകാലം മുഴുവൻ നിധിപോലെ സൂക്ഷിക്കുമെന്നും, സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം, സുചിത്ര മോഹൻലാൽ ജൂഡിന് സമ്മാനമായി നൽകിയിരിക്കുന്നത് സ്വിസ് ആഡംബര ബ്രാൻഡായ ബൗം ആൻഡ് മേഴ്സിയറിന്റെ റിവേര സീരീസിലെ ഒരു ഓട്ടോമാറ്റിക് വാച്ചാണ്. ഇന്ത്യയിൽ ഏകദേശം മൂന്നര ലക്ഷം രൂപ വിലവരുന്ന മോഡലാണിതെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, 'തുടക്കം' വെള്ളിയാഴ്ച മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ആശിഷ് ജോ ആന്റണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി. ജോണും അഖിൽ ജോർജും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്.
സായ് കുമാർ, മനോജ് കെ. ജയൻ, ടി.ജി. രവി എന്നിവർ ഉൾപ്പെടുന്ന താരനിരയ്ക്കൊപ്പം മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയാക്കി.
ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. കുടുംബ പശ്ചാത്തലവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രമായിരിക്കും 'തുടക്കം' എന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.






