തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മഴ കനത്തതോടെ വിവിധ ജില്ലകളില്‍ ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്.
തെക്കൻ അറബിക്കടലില്‍ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അതേസമയം ബംഗാള്‍ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയതായും അതിശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇത് ശക്തമായ ചുഴലിക്കാറ്റായും അതി ശക്തമായ ചുഴലിക്കാറ്റായും മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍ക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്ലക്കും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി മണിക്കൂറില്‍ മണിക്കൂറില്‍ 140 കിലോമീറ്റർ വരെ വേഗതയില്‍ കരതൊടാൻ സാധ്യത.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നഗരത്തിലടക്കം കനത്ത മഴ തുടരുകയാണ്. ശക്തമായ മഴക്ക് പിന്നാലെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.






